സൈബർ തട്ടിപ്പ് നിയന്ത്രിക്കാൻ കറന്റ് അക്കൗണ്ടുകൾക്ക് നിരീക്ഷണവും നിയന്ത്രണവും വേണമെന്ന് റിസർവ് ബാങ്കിനോട് കേരളം. വിദേശത്തുള്ളവർക്ക് ഓൺലൈൻ വഴി പണം കൈമാറാനുള്ള അനുവാദം നൽകരുതെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. രാജ്യത്ത് ആദ്യമായാണ് ഒരു പൊലീസ് മേധാവി ആർ.ബി.ഐയോട് ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നത്.
സൈബർ തട്ടിപ്പ് അധിഷ്ഠിതമായി ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത തട്ടിപ്പിന്റെ വല എന്ന പരമ്പരയുടെ ഉള്ളടക്കം അടക്കമുള്ളവയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിൽ ഉള്ളത്. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിദേശത്തേക്ക് എത്തിക്കുന്ന രീതിയെക്കുറിച്ചും അത് തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചുമാണ് കേരളാ പൊലീസ് റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന സൈബർ തട്ടിപ്പ് കേസുകൾ മാത്രം 350 കോടിക്ക് അടുത്താണ്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിദേശത്തേക്ക് ബിറ്റ് കോയിനിലേക്കും ക്രിപ്റ്റോ കറൻസിയിലേക്കും മാറ്റുന്നത് മലയാളികളുടെ തന്നെ അക്കൗണ്ടിലൂടെ പലവട്ടം കൈമറിഞ്ഞ ശേഷമാണ്. പണം കൈമാറാനായി ബാങ്കുകളിൽ നിന്നും അക്കൗണ്ടുകൾ വാടകക്ക് എടുത്തുനൽകുന്ന ഒരു സംവിധാനം തന്നെ കേരളത്തിലുണ്ട്.
ബാങ്കിങ് സെക്ടറിലെയും ടെലി കമ്മ്യൂണിക്കേഷൻ രംഗത്തെയും ന്യൂനതകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. സീറോ ബാലന്സുള്ള കറണ്ട് അക്കൗണ്ടുകൾ വ്യാപകമായി തുടങ്ങിയ ശേഷം അക്കൗണ്ട് ഉടമകളിൽ നിന്നും അത് വാടകക്ക് എടുത്ത ശേഷമാണ് തട്ടിച്ച തുക കൈമാർട്ടം ചെയ്യുന്നത്. ഓരോ കൈമാറ്റത്തിനും നിശ്ചിത തുക അക്കൗണ്ട് ഉടമക്ക് ലഭിക്കും. വിദേശത്തു നിന്നാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഡാർക്ക് നെറ്റ് വഴിയുള്ള ഇത്തരം കൈമാറ്റങ്ങൾ അനുവദിക്കരുതെന്നും ഇന്ത്യയിലെ ഐപി അഡ്രസുകളിലേക്ക് മാത്രമേ കൈമാറ്റം അനുവദിക്കാവൂ എന്നുമാണ് പൊലീസ് മേധാവിയുടെ ആവശ്യം. അക്കൗണ്ട് ഉടമയുടെ മൊബൈലും ടാബും അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യുകയും ഹാക്കിങ് നടന്നാൽ അത് തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് പൊലിസ് ആവശ്യപ്പെടുന്നത്. വിവിധ കേസുകളിൽ നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവി ആർ.ബി.ഐക്ക് കത്ത് നൽകിയിരിക്കുന്നത്.