വയനാട്ടിലെ കോണ്‍ഗ്രസ് കോണ്‍ക്ളേവില്‍ പങ്കെടുക്കാനുളള കെപിസിസി നേതൃത്വത്തിന്റെ ക്ഷണം തള്ളി കെ മുരളീധരന്. വട്ടിയൂര്‍ക്കാവില്‍ തന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തെ മുരളീധരൻ അറിയിച്ചത്. വയനാട്ടിലെ കോണ്‍ക്ളേവില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കെ മുരളീധരന് അതിനു തയ്യാറായില്ല. വയനാട്ടില്‍ താന്‍ വന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലന്നും, തന്റെ പഴയ മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു ഈ സീറ്റ് സിപിഎമ്മില്‍ നിന്നും പിടിച്ചെടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കെ മുരളീധരന് വ്യക്തമാക്കിയിരുന്നു.
തൃശൂരില്‍ തോല്‍വി പിണഞ്ഞ അവസരത്തില്‍ തന്നെ താന്‍ കുറച്ചുകാലം മുഖ്യധാരാരാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുമെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്ന കാര്യവും മുരളീധരന് കെപിസിസി നേതൃത്വത്തെ ഓര്‍മിപ്പിച്ചു.ഇനി തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ മാത്രമേ താന്‍ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടാകൂ എന്നാണ് അദ്ദേഹം നേരത്തെ തന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുരളീധരന് തന്റെ പഴയ മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. കേരളത്തില്‍ മൂന്നാമതൊരു രാഷ്ട്രീയ ശക്തിയുയര്ന്നു വന്നിട്ടുണ്ടെന്നും അതിനെ അങ്ങിനെ അവഗണിക്കാന്‍ കഴിയില്ലന്നുമായിരുന്നു തന്റെ പരിപാടികളിലുടെ നീളം അദ്ദേഹം പറഞ്ഞത്. ബിജെപിക്ക് വോട്ടു ചെയ്യാനുള്ള മടി ജനങ്ങള്‍ക്ക് മാറിയെന്നും കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ഇനി കൂടുതല്‍ സൂക്ഷിക്കണമെന്നുമാണ് കൗമുദി ബാലകൃഷ്ണന് അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് ഈ അപകടം മനസിലായത് കൊണ്ടാണ് വയനാട്ടില്‍ ഇത്തരത്തിലൊരു സമ്മേളനം വിളിച്ചുകൂട്ടി പാര്‍ട്ടിയുടെ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചതെന്നും കെ മുരളീധരന് ഈ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
രാജീവ് ചന്ദ്രശേഖര്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് പ്രവര്ത്തനമാരംഭിച്ചിരുന്നെങ്കില് തിരുവനന്തപുരത്തെ ഫലം മറിച്ചായാനേ എന്നൊര്ക്കണമെന്നും കെ മുരളീധരന് പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിക്ക് മുസ്ളീം സമുദായത്തിന്റെ ഒഴിച്ച് മറ്റെല്ലാവരുടെയും വോട്ടുകിട്ടി. ഇതെങ്ങനെയെന്നു കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉണ്ടായിട്ടും കോണ്‍ഗ്രസിന് ഇപ്പോഴും ആത്മവിശ്വാസമുണ്ടായിട്ടില്ലെന്ന വിമര്‍ശനവും കെ മുരളീധരന് ഉന്നയിച്ചു. തൃശൂരിലെ തോല്‍വിയെക്കുറിച്ച് കോണ്‍ഗ്രസിന്റെ മൂന്നംഗ കമ്മീഷന് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കോണ്‍ക്ളേവില്‍ സമര്‍പ്പിക്കുകയും അതിന്റെ ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. അത് കൊണ്ടാണ് കെ മുരളീധരന് കോണ്‍ക്ളേവില്‍ നിന്നും മാറി നിന്നതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കെ മുരളീധരന്റെ പരാജയത്തിന് ഉത്തരവാദികളെന്ന നിലയില്‍ അന്വേഷണ കമ്മീഷന് കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ ഒന്നും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് കെ മുരളീധരന് നല്‍കുന്നത്. തൃശൂരിലെ പരാജയത്തിനെതിരെ ടി എന്‍ പ്രതാപനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും ആ ആരോപണത്തെ അനുകൂലിക്കാന്‍ കെ മുരളീധരന് തയ്യാറായിരുന്നില്ല.
അതേ സമയം കെ മുരളീധരനെക്കൂടാതെ രണ്ട് മുന്‍ കെപിസിസി അധ്യക്ഷന്മ്മാരും കോണ്‍ക്ളേവില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമാണവര്. കെ മുരളീധരനെപ്പോലെയല്ല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള പടലപ്പിണക്കം മൂലമാണ് ഇവര്‍ കോണ്‍ക്ളേവില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെയും തങ്ങളോട് ആലോചിക്കാതെയുമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു പോകുന്നത് എന്നത് കൊണ്ട് തങ്ങള്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നാണ് ഇരുവരുടെയും നിലപാട്. തങ്ങളുടെ പരാതികളും പരിഭവങ്ങളും ഇരുനേതാക്കളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കെസി വേണുഗോപാല്‍,കെ സുധാകരന്, വിഡി സതീശന് തുടങ്ങിയ നേതാക്കളുടെ നയസമീപനങ്ങളോട് കടുത്ത എതിര്‍പ്പുള്ള നേതാക്കളാണ് ഇവര്‍ രണ്ടുപേരും. അതുകൊണ്ട് മാറി നില്ക്കാന് അവര്‍ക്ക് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വേണ്ടെന്നാണ് പ്രമുഖരായ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.