വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് തൃശൂര്‍ ജില്ലയില്‍ ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുള്ള ഒരു മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുമെന്ന് കരുതുന്നവരാണേറെയും. സിപിഎം നേതാക്കള്‍ പോലും അങ്ങിനെ വിശ്വസിക്കുന്നു. ഇതു മനസിലാക്കിക്കൊണ്ടാണ് തൃശൂരിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ എംകെ വര്‍ഗീസിനെ മേയര്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെടുന്നത്. സിപിഐ ജില്ലാ കമ്മിറ്റിയും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം ഇക്കാര്യത്തില്‍ ഒരു നിലപാടും കൈക്കൊണ്ടിട്ടില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൊതുവേദിയില്‍ വച്ച് സുരേഷ് ഗോപി തൃശൂരിന് നല്കുന്ന സേവനങ്ങളെക്കുറിച്ച് മേയര്‍ വര്‍ഗീസ് വാചാലനായിരുന്നു. മേയര്‍ തന്നെ അഭിനന്ദിച്ചതില്‍ സുരേഷ് ഗോപിയും നന്ദി പ്രകാശിപ്പിച്ചു. ഒരു തവണയല്ല പലതവണ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തില്‍ പരസ്പരമുളള പുകഴ്ത്തലുകള്‍ പല സന്ദര്‍ഭങ്ങളിലായി അരങ്ങേറി. അവസാനം സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. എന്നിട്ടും മേയറുടെ ഭാഗത്ത് നിന്നുള്ള ആശംസാ വചനങ്ങള്‍ അവസാനിക്കാത്തതാണ് സിപിഐയെയും സുനില്‍കുമാറിനെയും ചൊടിപ്പിക്കുന്നത്. ഇടതുമുന്നണിയുടെ മേയറായ എംകെ വര്‍ഗീസ് തനിക്ക് വേണ്ടിയല്ല മറിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടിയാണ് പ്രവര്ത്തിച്ചതെന്ന്് വിഎസ് സുനില്‍കുമാര്‍ തുറന്നടിച്ചു. അതുകൊണ്ട് ഉടന്‍ തന്നെ മേയറെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് സുനില്‍കുമാര്‍ ആവശ്യപ്പെടുന്നത്. സുരേഷ്ഗോപിക്ക് ലഭിച്ച വലിയ ഭൂരിപക്ഷത്തിന് പിന്നില്‍ മുന്‍കോണ്‍ഗ്രസുകാരനായ മേയറുടെ കരങ്ങളുണ്ടെന്നാണ് സുനില്‍കുമാറും സിപിഐയും സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്റെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസും പരസ്പരം പ്രശംസകള്‍ കൊണ്ടുമൂടിയത്. തന്റെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങള്‍ക്കുവേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു. മേയര്‍ക്ക് എതിര് നില്ക്കുന്നവര് ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോയെന്നും അവരെ ജനങ്ങള്‍തന്നെ കൈകാര്യം ചെയ്താല്‍ മതി എന്നും സുരേഷ് ഗോപി വ്യക്തമാക്കി.തുടര്‍ന്ന് പ്രസംഗിച്ച മേയര്‍ സുരേഷ് ഗോപിയെയും വാനോളം പുകഴ്തി. തൃശൂരിന് സുരേഷ് ഗോപി വന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെയാണ് കാണുന്നതെന്നുമാണ് വര്‍ഗീസ് പറഞ്ഞത്.അതേ സമയം ഇപ്പോള്‍ സുരേഷ് ഗോപിയെ പുകഴ്തുന്ന മേയര്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ലന്ന പരാതിയാണ് വിഎസ് സുനില്‍കുമാറിനുള്ളത്. എം.എല്‍.എ ആയിരിക്കെ 1000 കോടിയിലധികം രൂപയുടെ വികസനം നടത്തിയ താന്‍ ഇവിടെ മത്സരിക്കുമ്പോള്‍ അത് പറയാതെ സുരേഷ്ഗോപിയുടെ മഹിമ പാടി നടക്കുകയായിരുന്നു മേയര്‍. ഇടതുപക്ഷത്തെ സഹായിക്കുന്ന ഒരു നിലപാടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലന്നും സുനില്‍കുമാര്‍ പറഞ്ഞു.
എംകെ വര്‍ഗീസിനെ ബിജെപിയിലെത്തിക്കുന്ന കാര്യം കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ ഏറ്റെടുത്തുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. മേയര്‍ സ്ഥാനം ഒഴിയുന്ന മുറക്ക് അദ്ദേഹം ബിജെപിയില്‍ ചേക്കേറുമെന്ന് കരുതുന്നവരാണ് ഏറെയും. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന എം കെ വര്‍ഗീസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായാണ് മല്‍സരിച്ച് ജയിച്ചത്. കോര്‍പ്പറേഷനില്‍ അംഗ നില തുല്യമായപ്പോള്‍ ഇടതുമുന്നണിയെ പിന്തുണക്കുകയാണെങ്കില്‍ മേയറാക്കാമെന്ന വാഗ്ദാനത്തില്‍ എംകെ വര്‍ഗീസ് വീണു. ഇതോടെയാണ് അദ്ദേഹം തൃശൂര്‍ നഗരപിതാവായത്.
കോര്പ്പറേഷന് ഭരണം പോയാലും കുഴപ്പമില്ല വര്‍ഗീസിനെ മേയര്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന സിപിഐയുടെ ആവശ്യം. ഇതു തല്ക്കാലം ചെവിക്കൊള്ളേണ്ടന്ന തീരുമാനമാണ് സിപിഎം എടുത്തിരിക്കുന്നത്. മേയര്‍ സ്ഥാനത്ത് നിന്നും വര്‍ഗീസിനെ നീക്കിയാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരസഭകളിലൊന്നിന്റെ ഭരണത്തില്‍ നിന്നും സിപിഎം പുറത്താകും. ഇപ്പോള്‍ അത്തരമൊരു നീക്കം ആത്മഹത്യാപരമാണെന്നാണ് സിപിഎമ്മിന്റെ നിഗമനം. അതുകൊണ്ട് തന്നെ ആരും ഒന്നും ചെയ്യില്ലന്ന ധൈര്യം വര്‍ഗീസിനുമുണ്ട്. ഏതായാലും വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ അദ്ദേഹം മല്‍സരിക്കുന്നത് താമരചിഹ്നത്തിലായിരിക്കും എന്ന് വിശ്വസിക്കുന്നവരാണ് തൃശൂരില്‍ ഏറെയും