ന്യൂഡല്‍ഹി: കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുകത് കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും പ്രഖ്യാപിച്ചതിന് പിന്നാലെ അംബാല-ന്യൂഡല്‍ഹി ദേശീയ പാതയില്‍ ഹരിയാന സര്‍ക്കാര്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു.
ഏഴു ദിവസത്തിനകം ഹൈവേ തുറക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ജൂലൈ 10ലെ ഉത്തരവിനെതിരെ സംസ്ഥാനം അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ചിന്റെ പുതിയ ഉത്തരവ്.ട്രാഫ് നിയന്ത്രിക്കാമെന്നല്ലാതെ ഒരു സംസ്ഥാനത്തിന് എങ്ങനെയാണ് ഹൈവേ തടയാന്‍ കഴിയുക എന്നും കോടതി ചോദിച്ചു. കര്‍ഷകര്‍ ഈ രാജ്യത്തെ പൗരന്മാരാണെന്നും എന്തിനാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
അവര്‍ വന്ന് മുദ്രാവാക്യം വിളിച്ച് തിരികെ പോകട്ടെ. അവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കാനും കോടതി ആവശ്യപ്പെട്ടു. കര്‍ഷകരും ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കര്ഷകന് ശുഭ്കരന്‍ സിങ് മരിച്ചിരുന്നു. ഈ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇതിനായി ഒരു സമിതി രൂപീകരിക്കണമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതികള്‍ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹരിയാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് ഒരാഴ്ചക്കകം നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് ജൂലൈ 10ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.