തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജന്, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ വേദിയിൽ.
ആദ്യ കണ്ടെയ്നർ മദർഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ മദർഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കി കപ്പൽ ഇന്നു തുറമുഖം വിടും. നാളെത്തന്നെ ഫീഡർ കപ്പലുകൾ എത്തുന്നതോടെ ട്രാൻസ്ഷിപ്മെന്റിനും തുടക്കമാകും.കേരളത്തിന്റെ വികസനപ്രതീക്ഷയായി തുറമുഖത്ത് 3 മാസത്തോളം നീളുന്ന ട്രയൽ റണ്ണിൽ തുടർച്ചയായി മദർഷിപ്പുകൾ എത്തും. കമ്മിഷൻ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്നർ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും. ആദ്യ ചരക്കുകപ്പൽ ക്രെയിനുകളുമായി എത്തിയത് കഴിഞ്ഞ ഒക്ടോബറിലാണ്. വാണിജ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യ കണ്ടെയ്നർ കപ്പലെത്തിയത് ഇന്നലെയാണ്.