ആലപ്പുഴ: പൂച്ചാക്കലിൽ നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്.വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു.രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്.
തൈക്കാട്ടുശേരി പതിനഞ്ചാം വാർഡിലെ നിലാവ് എന്ന യുവതിയെ മര്‍ദിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് നിലാവിനെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. അനുജന്മാരെ ചിലര്‍ മര്‍ദിച്ചതില്‍ പരാതിനല്കാന് നിലാവ് ഞായറാഴ്ച പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. ആശുപത്രിയില്‍പ്പോയി മടങ്ങിവന്ന നിലാവിന്റെ സഹോദരങ്ങളെ എതിര്‍കക്ഷികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കാന്‍ തുടങ്ങിയെന്നും ഈ സമയത്തെത്തിയ നിലാവിനെയും ആക്രമിച്ചെന്നാണ് കേസ്.
പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സി.പി.എം അനുഭാവികളായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ആക്രമിച്ചെന്ന പ്രതികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാവിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ അരൂരിൽ പട്ടാപകൽ ദലിത് യുവതിയെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് സ്റ്റേഷൻ അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിയമസഭയിൽ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സിപിഎം പ്രവർത്തകർ പ്രതികൾ ആകുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.കെ രമ എംഎൽഎ പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി.