തിരുവനന്തപുരം : കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യര്‍ഥിച്ചു. പരിശോധന നടത്താനുള്ള ക്രമീകരണവും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലടക്കം പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കി. ഡി.എം.ഒയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൂടുതൽ പരിശോധന ഫലങ്ങളും ബുധനാഴ്ച പുറത്തുവരും.
ഡെങ്കിപ്പനി വ്യാപനം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു. അതിനിടയില്‍ മഞ്ഞപിത്തവും പടര്‍ന്ന് പിടിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടിയിലാണ് കോളറ സ്ഥിരീകരണം.
സംസ്ഥാനത്ത് ഒരാള്‍ക്കാണ് രോഗം കണ്ടെത്തിയതെങ്കിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയോടെയാണ് ഇടപെടല്‍. കോളറ ലക്ഷണങ്ങളോടെ 12 പേര് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രി നിര്‍ദേശിച്ചു.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെയും നിയോഗിച്ചു. നെയ്യാറ്റിന്‍കരയിലെ കെയര്‍ ഹോമില്‍ എങ്ങനെ കോളറ ബാധയുണ്ടെന്ന പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കെയര്‍ ഹോമില്‍ ആരോഗ്യവകുപ്പ് വിശദ പരിശോധന നടത്തിയിരുന്നു. വെള്ളത്തിലൂടെ പടര്‍ന്നിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
മത്സ്യമടക്കമുള്ള ഭക്ഷണത്തില്‍നിന്ന് പടരാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും ആളുകളും സ്വയം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സാധരണ വൈറല്‍ പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും പ്രതിദിനം പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. വെസ്റ്റ്നൈല്‍ പനി ബാധിച്ച് ഒരു മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ നാല് വെസ്റ്റ്നൈല്‍ മരണങ്ങള് ഉണ്ടായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.