ന്യൂഡല്‍ഹി: സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറത്തിറക്കി.സോണി പിക്ച്ചേഴ്സ് പുറത്തിറക്കുന്ന ഹിന്ദി സിനിമയില്‍ വൈകല്യത്തെ അവഹേളിക്കുന്ന ചിത്രീകരണം നടന്നെന്ന് കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ സാഹചര്യത്തിലാണ് ഡോക്യുമെന്ററി, സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയത്.
ആളുകളുടെ വൈകല്യം അവഹേളിച്ച് തമാശയാക്കേണ്ട കാര്യമല്ല. അംഗപരിമിതരായവരുടെ നേട്ടങ്ങളും വിജയകഥകളുമാണ് സമൂഹത്തോട് പറയേണ്ടതെന്ന് കോടതി വ്യക്തമാക്കി. മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന വാക്കുകള്‍ ഭിന്നശേഷിക്കാര്‍ക്കെതിരേ പ്രയോഗിക്കരുത്. സാമൂഹിക പ്രതിബദ്ധതയെ അവഗണിക്കുന്ന ഭാഷ ഉപയോഗിക്കരുത്. വൈകല്യങ്ങളെക്കുറിച്ച് മതിയായ മെഡിക്കല്‍ വിവരങ്ങള്‍ പരിശോധിക്കണം. ഭിന്നശേഷിയുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ അവരുടെ അഭിപ്രായം കൂടി തേടണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇത്തരം നിബന്ധനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സെന്‍സര്‍ ബോര്‍ഡ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.