ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ, കെ.കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ് അയച്ചത്. ആറാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് സുപ്രീംകോടതി നിർദേശം. എതിർഭാഗത്തെ കേൾക്കാതെ അപ്പീൽ അംഗീകരിക്കാൻ ആവില്ലെന്ന് കോടതി പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ ഹർജിയിലാണ് സുപ്രീംകോടതി നടപടി. ഒന്നു മുതൽ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം. കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ.കൃഷ്ണനും ശിക്ഷയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.