ന്യൂഡൽഹി: പ്രളയത്തില്‍ തകര്‍ന്ന ആസാം സന്ദര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രളയബാധിത ജില്ലയായ കാച്ചാറിലെ ദുരിതാശ്വാസ ക്യാന്പുകളിലാണ് രാഹുൽ സന്ദർശനം നടത്തിയത്.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ട്.
ആസാം ജനത പ്രളയ ദുരിത്തിലായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോൾ മരണസംഖ്യ ഇതുവരെ 66 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് കുട്ടികളടക്കം എട്ടുപേർ കൂടി മരിച്ചു.കച്ചാർ (ഒന്ന്), ധുബ്രി (രണ്ട്), ഗോൾപാറ (ഒന്ന്), നാൽബാരി (രണ്ട്), ധേമാജി (ഒന്ന്), ശിവസാഗർ (ഒന്ന്) ജില്ലകളിലാണ് മരണം സംഭവിച്ചത്.ആസാം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്തെ 35 ജില്ലകളിൽ 28 എണ്ണവും ഇപ്പോഴും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ഇത് 3,446 ഗ്രാമങ്ങളിലായി 22,74,289 പേരെ ബാധിച്ചു.
68,432.75 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. വെള്ളപ്പൊക്കത്തിൽ പല ജില്ലകളിലും റോഡുകളും പാലങ്ങളും തീരങ്ങളും തകർന്നു. 269 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,689 പേർ അഭയം പ്രാപിച്ചിട്ടുണ്ട്.ബ്രഹ്മപുത്ര, ബുർഹിദിഹിംഗ്, ദിഖൗ, ദിസാംഗ്, ധൻസിരി, കോപിലി, ബേക്കി, സങ്കോഷ്, ബരാക്, കുഷിയാര എന്നീ നദികൾ കരകവിഞ്ഞൊഴുകുന്നതായും അപകടനിലയ്ക്ക് മുകളിൽ ഒഴുകുന്നതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജോര്‍ഹട്ട് മുതല്‍ ധുബ്രി വരെ പലയിടങ്ങളിലും അപകട നിലയ്ക്കും രണ്ട് അടി മുകളിലാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ടീമുകളെ കച്ചാർ, ബാർപേട്ട, ബോംഗൈഗാവ്, ദിബ്രുഗഡ്, ജോർഹട്ട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കാസിരംഗ ദേശീയോദ്യാനത്തിന്റെയും കടുവാ സങ്കേതത്തിന്റെയും ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പാർക്കിനുള്ളിലെ 233 ക്യാമ്പുകളിൽ 68 എണ്ണം ഇപ്പോഴും വെള്ളത്തിലാണ്. പട്രോളിംഗിനും മറ്റുമായി വനപാലകർ അവിടെ തങ്ങുകയാണ്.ഞായറാഴ്ച വരെ ആറ് കാണ്ടാമൃഗങ്ങളും 98 മാനുകളും ഉൾപ്പെടെ 129 മൃഗങ്ങൾ ചത്തു. മറ്റ് 96 മൃഗങ്ങളെ രക്ഷപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞു.
ആസാം സന്ദർശനം പൂർത്തിയാക്കിയ ശേഷം രാഹുൽ മണിപ്പൂരിലേക്ക് തിരിക്കും.ചുരാചന്ദ്പുർ, തുബോംഗ്, മൊയ്രാങ് തുടങ്ങിയ അഭയാർഥിക്യാമ്പുകളും സന്ദർശിക്കും. അഭയാർഥികളെ കണ്ടശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. അതേസമയം രാഹുലിന്റെ ആസാം, മണിപ്പുർ സന്ദര്‍ശനത്തിനെതിരേ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബാലബുദ്ധിയുള്ളവന്റെ ട്രാജഡി ടൂറിസമെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ പരിഹാസം.