കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ പോരാട്ടം കാഴ്ചവച്ച വി മുരളീധരനെയും അനില്‍ ആന്റെണിയെയും പുതിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തിരുമാനിച്ചതിലൂടെ കേരളത്തെ കാര്യമായി തന്നെ പരിഗണിക്കുന്നുവെന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. വി മുരളീധരനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജോയിന്റ് കോ ഓര്ഡിനേറ്ററാക്കിയപ്പോള്, നാഗാലാണ്ടിന്റെയും മേഘാലയയുടെയും ചുമതലയാണ് അനില്‍ ആന്റെണിക്ക് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള നേതാക്കളെ കേന്ദ്രബിജെപി നേതൃത്വം കാര്യമായ പരിഗണിക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സമിതിയോഗത്തിന് കൊച്ചിയിലെത്തിയ അഖിലേന്ത്യാ അധ്യക്ഷന്‍ ജെപി നദ്ദ മുന്‍കൈ എടുത്താണ് ഈ നിയമനങ്ങള്‍ നടത്തിയത്.പ്രകാശ് ജാവേദ്കര് കേരളാ പ്രഭാരിയായി തുടരട്ടെയെന്ന തീരുമാനവും കേന്ദ്ര നേതൃത്വം കൈക്കൊണ്ടു. പ്രകാശ് ജാവേദ്കറിന്റെ കേരള പ്രവര്‍ത്തനത്തില്‍ നരേന്ദ്രമോദിയും അമിത്ഷായും അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വം പരിപൂര്‍ണ്ണ സംത്ൃപ്തരാണ്.സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തല്‍സ്ഥാനത്ത് തുടരട്ടേ എന്ന തിരുമാനം എടുത്തുകൊണ്ടാണ് ജെപി നദ്ദ കേരളം വിട്ടത്.
കേരളത്തില്‍ നിന്നും ഒരു ലോക്സഭാ സീറ്റ് നേടിയത് ബിജെപിക്ക് വലിയ ആത്മവിശ്വാസം അഖിലേന്ത്യാ തലത്തില്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു കേരളാ നേതാക്കള്‍ക്ക് ദേശീയ തലത്തില്‍ ചുമതലകള്‍ നല്‍കാനുള്ള താല്പര്യവും അവര്‍ക്കുണ്ട്. കേരളത്തില്‍ ഒരു ലോക്സഭാ സീറ്റ് നേടുന്നത് കര്‍ണ്ണാടകത്തില്‍ ഭരണം ലഭിക്കുന്നതിനെക്കാള്‍ വലിയ നേട്ടമാണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കാരണം നാല്പ്പത്തെട്ട് ശതമാനം ന്യുനപക്ഷങ്ങളുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ബിജെപി 20 ശതമാനം വോട്ടു നേടിയിട്ടില്ല. ജമ്മു കാശ്മീരില്‍ പോലും ബിജെപിക്ക് സീറ്റുകള്‍ ലഭിക്കുന്ന ഹിന്ദു ഭൂരിപക്ഷ മേഖലയായ ജമ്മുവില്‍ നിന്നാണ്.എന്നാല്‍ കേരളത്തില്‍ 20 ശതമാനം വോട്ടും ഒരു ലോക്സഭാ സീറ്റും നേടാന്‍ കഴിഞ്ഞെന്ന് മാത്രമല്ല പ്രമുഖ ന്യുനപക്ഷമായ ക്രൈസ്തവ ന്യുനപക്ഷങ്ങളിലേക്ക് മുമ്പെങ്ങുമില്ലാത്ത വിധം കടന്നുകയറാനും കഴിഞ്ഞു.ഇതെല്ലാം മുന്‍നിര്‍ത്തി കേരളത്തിലെ ബിജെപി നേതൃത്വത്തിന് നല്കുന്ന അംഗീകാരം എന്ന നിലക്കാണ് സംസ്ഥാനത്ത് നിന്നുള്ള ബിജെപി നേതാക്കള്‍ക്ക് അഖിലേന്ത്യാ തലത്തില്‍ ചുമതലകള്‍ നല്‍കുന്നത്.
പ്രകാശ് ജാവേദ്കര് കഴിഞ്ഞ നാല് വര്‍ഷത്തിലധികമാണ് സംസ്ഥാനത്തുണ്ട്. അതുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ പരിസരവും അതിന്റെ ചലനങ്ങളും അദ്ദേഹത്തിന്റെ കൈവെള്ളയിലാണ്. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും മാത്രമല്ല കേരളാ കോണ്‍ഗ്രസ് , മുസ്ളീം ലീഗ് എന്നീ കക്ഷികളുടെ നേതാക്കന്മ്മാരോട് പോലും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് പ്രകാശ് ജാവേദ്കര്. ക്രൈസ്തവ ബിഷപ്പുമാരുമായി വളരെ അടുപ്പമുള്ള ബിജെപി ദേശീയ നേതാവ് കൂടിയാണദ്ദേഹം. ഇതെല്ലാം കൊണ്ടാണ് വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് വരെ പ്രകാശ് ജാവേദ്കര് തുടരട്ടെ എന്ന തിരുമാനം മോദിയും അമിത്ഷായുമെടുത്തത്. ആര് എസ് എസ് നേതൃത്വത്തിനും ജാവേദ്കറോട് താല്പര്യമാണ്. വരുന്ന ഉപതെരെഞ്ഞെടുപ്പുകളിലും, തദ്ദേശ സ്വയംഭരണസ്ഥാപന തെരെഞ്ഞെടുപ്പുകളിലും അതിനുശേഷം വരുന്ന നിയസഭാ തെരെഞ്ഞെടുപ്പുകളിലും തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ പ്രകാശ് ജാവേദ്കര് തന്നെയാണ് മിടുക്കന് എന്ന നിലപാടാണ് കേന്ദ്ര ബിജെപി നേതൃത്വത്തിനുളളത്.
കേരളത്തില്‍ പുതിയൊരു നേതൃത്വത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമവും ജാവേദ്കര് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ നടത്തുന്നുണ്ട്. അതോടൊപ്പം ‘ സെലിബ്രിറ്റി സ്റ്റാറ്റ്സ്’ ഉള്ള ചിലരെ പാര്ട്ടിയിലേക്ക്കൊണ്ടുവരാനുളള നീക്കവും നടത്തുന്നുണ്ട്. സുരേഷ് ഗോപിയെ കൊണ്ടുവന്നത് കൊണ്ടാണ് ഒരു ലോക്സഭാ സീറ്റ് സംസ്ഥാനത്ത് പിടിക്കാന്‍ കഴിഞ്ഞതെന്ന് ബിജെപിക്കറിയാം. അതുപോലെയുള്ള കൂടുതല്‍ സെലിബ്രിറ്റികളെ ബിജെപിയിലെത്തിക്കാനുള്ള നീക്കവും പ്രകാശ് ജാവേദ്കര് നടത്തുന്നുണ്ട്. സിനിമാ താരങ്ങള്‍, മുന്‍ ബ്യുറോക്രാറ്റുകള്‍, എഴുത്തുകാര്‍ , കലാസാംസ്കാരിക രംഗത്തെ പ്രതിഭകള്‍ ഇവരെയെല്ലാം കൂടുതലായി പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.എന്നുവച്ചാല്‍ സുരേഷ് ഗോപിയുടെ വിജയം കേവലം ഒറ്റപ്പെട്ട നേട്ടമായി ഒതുക്കിനിര്‍ത്താന്‍ ബിജെപി ആഗ്രഹിക്കുന്നില്ലാ എന്ന വ്യക്തമായ സൂചനയാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. കൂടുതല്‍ സുരേഷ് ഗോപിമാര്‍ സംസ്ഥാനത്തുണ്ടാകുന്ന തരത്തിലുള്ള രാഷ്ട്രീയ തന്ത്രത്തിനാണ് ബിജെപി ദേശീയ നേതൃത്വം രൂപം കൊടുക്കുന്നത്.