റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സോറനെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ ക്ഷണിച്ചതിനെ തുടർന്നാണ് തീരുമാനം. 5 മാസത്തിന് ശേഷമാണു ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. ഹേമന്ത് സോറന് വേണ്ടി നിലവിലെ മുഖ്യമന്ത്രി ചംപയ് സോറൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ചംപയ് ഹേമന്ത് സോറനായി വീണ്ടും മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ഇ.ഡി കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്.ഇദ്ദേഹത്തെ കഴിഞ്ഞ ജനുവരിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒക്ടോബറിൽ ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇൻഡ്യാ സഖ്യ നീക്കം.