ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ബാർബഡോസിലെ ചുഴലിക്കാറ്റിനെ തുടർന്നു ഇന്ത്യൻ ടീമിൻറെ മടങ്ങി വരവ് വൈകിയിരുന്നു. പുലർച്ചെ മുതൽ തന്നെ ടീം ഇന്ത്യയുടെ വരവുംകാത്ത് നിരവധി പേരാണ് വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്.
ഓരോരുത്തരായി എയർപോർട്ടിൽ നിന്ന് ബസിലേക്ക് കയറിയപ്പോൾ ആരാധകർ ആർപ്പുവിളിച്ചു. പതിവ് വിട്ട് എല്ലാവരും അവിടെകൂടിയവർക്ക് നേരെ കൈവിശീ. ട്രോഫി ഉയർത്തിക്കാട്ടിയായിരുന്നു നായകൻ രോഹിതിന്റെ സ്നേഹപ്രകടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ഒത്തിരി പരിപാടികളാണ് ടീം ഇന്ത്യയെ ഇന്ന് കാത്തിരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് ടീം ഇന്ത്യ നേരെ പോയത് ഡൽഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിലേക്കാണ്. പ്രത്യേക പരിപാടികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ലോകകപ്പ് ആകൃതിയിലുള്ള കേക്ക് ഇവിടെ മുറിക്കും. വിരാട് കോഹ്ലിയുടെ കുടുംബവും ഇവിടേക്ക് എത്തി. ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഈ ഹോട്ടലിൽ നിന്ന് പത്ത് മിനുറ്റിന്റെ ദൂരമെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഉള്ളൂ. രണ്ട് ബാച്ചുകളായാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആദ്യ ബാച്ചിൽ കളിക്കാരും രണ്ടാം ബാച്ചിൽ സപ്പോർട്ടിങ് സ്റ്റാഫുമായിരിക്കും.
രാവിലെ 9.30 ടീമിനെ പ്രധാനമന്ത്രി, വസതിയിൽ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങൾ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. വൈകീട്ട് മുംബൈയിൽ തുറന്ന ബസിൽ ഒരു കിലോമീറ്ററോളം ടീമിൻറെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്. പരേഡിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വർഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. ഇന്ന് വൈകീട്ടോടെ കളിക്കാർ അവരവരുടെ നാട്ടിലേക്ക് പോകും. ജൂൺ 29നു നടന്ന ത്രില്ലർ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയത്. രണ്ടാം ടി20 ലോക കിരീടമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ സ്വന്തമാക്കിയത്.