റാഞ്ചി: ജാർഖണ്ഡിൽ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ചംപയ് സോറൻ രാജിവച്ചു. ഒക്ടോബറിൽ ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇൻഡ്യ സഖ്യ നീക്കം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ചംപയ് ഹേമന്ത് സോറനായി വീണ്ടും മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞത്.
ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി തിരികെയെത്തണമെന്ന് ചംപയ് സോറൻ്റെ വീട്ടിൽ ചേർന്ന നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനമായത്. ജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി എം.എൽ.എമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിന് പിന്നാലെ രാജ്ഭവനിൽ എത്തി നിലവിലെ മുഖ്യമന്ത്രിയായ ചംപയ് സോറൻ ഗവർണർ സി.പി രാധാകൃഷ്ണന് രാജിക്കത്ത് നൽകുകയായിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവും ഹേമന്ത് സോറൻ ഉന്നയിച്ചു. നിലവിലെ മുഖ്യമന്ത്രി ചംപയ് സോറൻ ചൊവ്വ, ബുധൻ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്ന പരിപാടികൾ മാറ്റിവച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ഇ.ഡി കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
അതേസമയം, ഇദ്ദേഹത്തെ കഴിഞ്ഞ ജനുവരിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.