ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെ ഉണ്ടെന്നാണ് കരുതുന്നതെന്നും ടെൻഷൻ അടിക്കണ്ടെന്ന് അച്ഛൻ പറഞ്ഞുവെന്നും കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണെന്നാണ് എഫ്ഐആര്‍. കേസില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി അനിലിനെ കൂടാതെ ജിനു, സോമന്, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. തിരോധാനവും കൊലപാതകവും ഉൾപ്പടെ രണ്ട് എഫ്ഐആറുകളാണ് കഴിഞ്ഞദിവസം മാന്നാർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തത്. കൊലപാതകം, തെളിവുനശിപ്പിക്കൽ, ഒന്നിലധികംപേർ ഒരുമിച്ച് കുറ്റകൃത്യമാണെന്ന ബോധ്യത്തോടെ പ്രവർത്തിച്ചു എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
2009-ൽ ഏതോ ഒരു ദിവസം മാന്നാർ പെരുമ്പുഴ പാലത്തിൽവെച്ച് കൊലപാതകം നടന്നുവെന്നും മാരുതി കാറിൽ കൊണ്ടുപോയി മൃതദേഹം സംസ്കരിച്ചെന്നുമാണ് എഫ്ഐആറിലുള്ളത്. അമ്പലപ്പുഴ പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച യുവതിയുടെ ഭർത്താവ് അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ കൊലപാതകത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. സംഭവം കൊലപാതകമാണെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ പിന്നീട് സ്ഥിരീകരിച്ചു. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എസ്പി അറിയിച്ചിരുന്നു.