ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ഒരു മത സമ്മേളനത്തിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു. സക്കാർ വിശ്വ ഹരിയെന്നും ഭോലെ ബാബയെന്നും എന്നറിയപ്പെടുന്ന നാരായൺ സാകർ ഹരി നടത്തിയ സത്സംഗത്തിൻ്റെ സമാപനത്തിലാണ് സംഭവം.
ആരാണ് ഭോലെ ബാബ?
ഇറ്റാ ജില്ലയിലെ പട്യാലി തഹസിൽ ബഹാദൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഭോലെ ബാബ. ഇൻ്റലിജൻസ് ബ്യൂറോയിലെ (ഐബി) മുൻ ജീവനക്കാരനാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. 26 വർഷം മുമ്പ് അദ്ദേഹം തൻ്റെ സർക്കാർ ജോലി ഉപേക്ഷിച്ച് മതപ്രഭാഷണങ്ങൾ നടത്താൻ തുടങ്ങി. നിലവിൽ പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് അനുയായികളുണ്ട്.
ഭോലെ ബാബ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നയാളാണ്. കൂടാതെ ഒരു പ്ലാറ്റ്ഫോമിലും ഔദ്യോഗിക അക്കൗണ്ടുകളൊന്നുമില്ല. താഴെത്തട്ടിൽ അദ്ദേഹത്തിൻ്റെ സ്വാധീനം ഗണ്യമായി ഉണ്ടെന്ന് അനുയായികൾ അവകാശപ്പെടുന്നു. ഉത്തർപ്രദേശിലെ അലിഗഢിൽ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ ഒത്തുചേരലുകളിൽ, സന്നദ്ധപ്രവർത്തകർ ഭക്തർക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കുന്നു. കോവിഡ് -19 വ്യാപന സമയത്ത് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ഭോലെ ബാബ നടത്തിയ പരിപാടിയിൽ വലിയ ജനക്കൂട്ടം എത്തിയതോടെയാണ് ശ്രദ്ധ നേടിയത്.
ദൃക്സാക്ഷി പറയുന്നത്..
“ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കാനായി വന്നതാണ്. വലിയ ജനക്കൂട്ടമായിരുന്നു. സത്സംഗം അവസാനിച്ചപ്പോൾ ഞങ്ങൾ പോകാൻ തുടങ്ങി, ഇടുങ്ങിയ വഴിയായിരുന്നു. ഞങ്ങൾ വയലിലേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് ഒരു ബഹളം ആരംഭിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. അപകടത്തിന് സാക്ഷ്യം വഹിച്ച ദൃക്സാക്ഷി പറഞ്ഞു.
“ചടങ്ങ് കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങി. പുറത്ത് ഉയരത്തിൽ റോഡ് നിർമിച്ച് താഴെ ഓവുചാലും. ഒന്നിനുപുറകെ ഒന്നായി ആളുകൾ അതിൽ വീഴാൻ തുടങ്ങി. ചിലർ അതിൽ അകപ്പെട്ടു.” മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.