അഹ്മദാബാദ്: രാഹുൽ ഗാന്ധി ലോക്സഭയിൽ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ അഹ്മദാബാദിലുള്ള കോൺഗ്രസ് ഓഫിസായ രാജീവ് ഗാന്ധി ഭവന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. ഓഫിസിന് നേരെ കല്ലെറിഞ്ഞ അക്രമികൾ അവിടെയുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ നശിപ്പിക്കുകയും പോസ്റ്ററുകൾ വികൃതമാക്കുകയും ചെയ്തു.ആക്രമണത്തിന്റെ വിഡിയോ ബജ്റംഗ്ദൾ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ് എന്നിവരാണെന്ന് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് നേതാവുമായ അമിത് ചാവ്ദ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.രാഹുലിന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ സ്പീക്കർ സഭാരേഖകളിൽനിന്ന് നീക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തുകയും ചെയ്തു. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ‘മോദിജിയുടെ ലോകത്ത് സത്യത്തെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ, സത്യത്തെ പുറന്തള്ളാൻ കഴിയില്ല എന്നത് യാഥാർഥ്യമാണ്. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കാൻ കഴിയും. സത്യം സത്യമാണ്’ -രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിക്കുന്ന പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്കും മോദിക്കുമെതിരെ രാഹുൽ നടത്തിയ രൂക്ഷ വിമർശനം ഹിന്ദു സമൂഹത്തിനെതിരാണെന്ന രീതിയിൽ വഴിതിരിച്ചുവിടാൻ പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും ശ്രമം നടത്തിയിരുന്നു. രാഹുൽ നടത്തിയ വിമർശനത്തെ പ്രതിരോധിക്കാൻ മോദി രണ്ടുതവണ എഴുന്നേറ്റ് നിൽക്കുന്ന അപൂർവ കാഴ്ചക്കും ലോക്സഭ സാക്ഷ്യം വഹിച്ചു. വിഷയം ഗൗരവമാണെന്നും ഹിന്ദു സമുദായത്തെയാണ് അപമാനിച്ചതെന്നും പറഞ്ഞാണ് പ്രധാനമന്ത്രി ആദ്യമെഴുന്നേറ്റത്. ഹിന്ദുസമൂഹം ഒന്നടങ്കം അക്രമാസക്തരാണെന്ന് പറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മോദി പറഞ്ഞു. എന്നാൽ, താൻ സംസാരിച്ചത് ഭാരതീയ ജനതാ പാർട്ടിയെ കുറിച്ചാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘും ബി.ജെ.പിയും മൊത്തം ഹിന്ദു സമുദായമല്ലെന്നും രാഹുൽ തിരിച്ചടിച്ചു.
എന്നാൽ, രാഹുലിന് പിന്തുണയുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തുമെല്ലാം രംഗത്തെത്തി. ഹിന്ദുക്കൾക്കും ഹിന്ദു സമൂഹത്തിനും എതിരെ രാഹുൽ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.