ബെര്‍ലിന്‍ : ആവേശപ്പോരിനൊടുവിൽ പെനാല്‍റ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ 3-0 ന് തകർത്ത് പോര്‍ച്ചുഗല്‍ യൂറോകപ്പ് ക്വാര്‍ട്ടറിൽ. ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കുകൾ കോസ്റ്റ തടുത്തിട്ടു. മത്സരത്തിലെ മുഴുവന്‍ സമയവും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോൾനേടാൻ കഴിയാതെവന്നതോടെ മത്സരം പെനാല്‍റ്റിയിലേക്കു നീങ്ങുകയായിരുന്നു. മത്സരത്തിലുടനീളം തലങ്ങും വിലങ്ങും ആക്രമിച്ച് മുന്നേറിയ പോർച്ചുഗലിന് സ്ലൊവേനിയന്‍ പ്രതിരേധം തകർക്കാനായില്ല.
അധികസമയത്തിലും പോര്‍ച്ചുഗീസ് മുന്നേറ്റം തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കേ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഡയാഗോ ജോട്ടയെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുക്കാന്‍ എത്തിയ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പിഴച്ചു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ മൈതാനത്ത് റൊണാള്‍ഡോ കണ്ണീരണിഞ്ഞു. സഹതാരങ്ങള്‍ റോണോയെ ആശ്വസിപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സുവര്‍ണാവസരം സ്ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്കോ നഷ്ടപ്പെടുത്തിയത് സ്ലൊവേനിയയ്ക്കും തിരിച്ചടിയായി. ക്വാർട്ടറിൽ റോണോയും സംഘവും ഫ്രാൻസിനെ നേരിടും.