ഡിസൽഡർഫ് : പ്രീക്വാർട്ടറിൽ ബെൽജിയം ഉയർത്തിയ വെല്ലുവിളി പൊളിച്ച് ഫ്രാൻസ് യൂറോ ക്വാർട്ടറിലേക്ക്. ഫ്രഞ്ച് പടയെ ഗോളടിപ്പിക്കാതെ പിടിച്ചുനിർത്തിയ ബെൽജിയത്തിന് 85ാം മിനുറ്റിൽ യാൻ വെർറ്റോഗൻ കുറിച്ച സെൽഫ് ഗോളാണ് വിനയായത്. റൻഡാൽ കോളോ മുവാനി തൊടുത്ത ഷോട്ട് വെർറ്റോഗന്റെ ശരീരത്തിൽ തട്ടി പോസ്റ്റിലേക്ക് തെറിക്കുമ്പോൾ നോക്കി നിൽക്കാനേ ബെൽജിയം ഗോൾ കീപ്പർക്കായുള്ളൂ. ടൂർണമെന്റിലെ ഒമ്പതാം സെൽഫ് ഗോളാണ് മത്സരത്തിൽ പിറന്നത്.
പന്തടക്കത്തിലും മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിലും ഫ്രഞ്ച് സംഘമാണ് മികച്ചുനിന്നത്. പക്ഷേ ഇടവേളകളിൽ ബെൽജിയം ഭീഷണിയുമായി കുതിച്ചുകയറി. വില്യം സാലിബയുടെയും തിയോ ഹെർണാണ്ടസിന്റെയും പ്രതിരോധത്തിലെ പ്രകടനങ്ങളാണ് ഫ്രാൻസിന് താങ്ങായത്. സൂപ്പർ താരം കിലിയൻ എംബാപ്പേ ബെൽജിയം ഗോൾമുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും ഗോൾകീപ്പറെ പരീക്ഷിക്കാനായില്ല. ഫ്രഞ്ച് മുന്നേറ്റ താരം മാർകസ് തുറാമിന് അവസരങ്ങൾ വീണുകിട്ടിയെങ്കിലും നഷ്ടപ്പെടുത്തി. ഒടുവിൽ തുറാമിന് പകരക്കാരനായി വന്ന മുവാനി തന്നെ ഫ്രാൻസിന്റെ രക്ഷകനായി. മോശം ഫോമിൽ തുടരുന്ന അന്റോയ്ൻ ഗ്രിസ്മാന് ഇക്കുറിയും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഫ്രാൻസിനായി അവസരങ്ങൾ മെനഞ്ഞ കൂന്റേയാണ് െപ്ലയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. 19 ഷോട്ടുകൾ ഫ്രാൻസ് ഉതിർത്തെങ്കിലും ഗോൾമുഖം ലക്ഷ്യമാക്കിയെത്തിയത് രണ്ടെണ്ണം മാത്രം.
2018 ലോകകപ്പ് സെമിയിൽ ഫ്രാൻസിനെതിരെ വീണ ബെൽജിയത്തിന് വീണ്ടുമൊരിക്കൽ കൂടി കണ്ണീർമടക്കം. മധ്യനിരയിലെ സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെയെ ഏതാനും നിമിഷങ്ങളിൽ മാത്രമാണ് നിറഞ്ഞുകണ്ടത്. സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന് കാര്യമായൊന്നും ചെയ്യാനുമായില്ല. അഞ്ചുഷോട്ടുകൾ ബെൽജിയം തൊടുത്തപ്പോൾ ഗോൾമുഖത്തേക്കെത്തിയത് രണ്ടെണ്ണം മാത്രം.