തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയാണ് പ്രവചിക്കുന്നത്. അഞ്ചാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം. കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത.
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ഇടി മിന്നൽ ജാഗ്രതാ നിർദേശം
ഈ മാസം 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.