അഖിലേന്ത്യാ തലത്തില്‍ ജാതി സംവരണവിഷയം വീണ്ടുമുയര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളായ നായര്‍- സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടാകുമെന്ന ഭയമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ജാതി സെന്‍സസ് നടത്തണമെന്നും സംവരണവിഭാഗങ്ങള്ക്ക് ലഭിക്കുന്ന സംവരണക്വാട്ട 65 ശതമാനമാക്കി ഉയര്‍ത്തണമെന്നുമുള്ള ആവശ്യം കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ ശക്തമാക്കാന്‍ പോവുകയാണ്. ബിജെപിക്കൊരു രാഷ്ട്രീയ വെല്ലുവിളിയുയര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിലുള്ളതും. ബിജെപിയുടെ സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡ്, തെലുഗുദേശം പാര്‍ട്ടികളെ കയ്യിലെടുക്കാനുള്ള നീക്കമാണ് ഇതുവഴി കോണ്‍ഗ്രസ് നടത്തുന്നത്. ഈ രണ്ടുപാര്‍ട്ടികളും സംവരണം ഉയര്‍ത്തണമെന്നും ജാതിസെന്‍സസ് നടത്തണമെന്നും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ബിഹാറിലെ സംവരണക്വാട്ട വര്‍ധിപ്പിക്കുന്നത് ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് നീതീഷ്കുമാര്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ജോലിക്കും വിദ്യാഭ്യാസത്തിനും ജാതിസര്‍വേയുടെ അടിസ്ഥാനത്തില്‍ ബിഹാറില്‍ പ്രഖ്യാപിച്ച 65 ശതമാനം സംവരണം പട്ന ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതു മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരണമെന്നാണ് കഴിഞ്ഞദിവസം ജെ.ഡി.യു. ദേശീയ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ ബിജെപി തിരുമാനം എടുക്കാന്‍ വൈകിയാല്‍ പ്രധാന ഘടകകക്ഷിയായ ജെഡിയുവുമായി ഉരസലുണ്ടാകും. ഇതു മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് ഈ നിലപാട് കൈക്കൊള്ളുന്നത്. സംവരണവിഷയത്തില്‍ ബിജെപിയെ കടന്നാക്രമിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.നിതീഷ് കുമാറിന്റെ ജെ.ഡി.യു.വിനെപ്പോലെ ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവും ജാതിസെന്‍സസിനായി വാദിക്കുന്നയാളാണ്. 2021-ല്‍ ഈയാവശ്യമുന്നയിച്ച് നായിഡു മോദിക്ക് കത്തെഴുതിയിരുന്നു.
എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് എങ്ങിനെ പ്രതിഫലിക്കുമെന്ന പ്രശ്നമുണ്ട്. സംവരണക്വാട്ട ഉയര്‍ത്തിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടു ബാങ്കായ നായര്‍- സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അതുവലിയ തിരിച്ചടിയാകും. കേരളത്തില്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റവുമധികമുള്ളത് ഈ രണ്ടു സമുദായങ്ങള്‍ക്കുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ ക്വാട്ടാ ഉയര്‍ത്തിയാല്‍ അത് മാനേജ്മെന്റ് സീറ്റുകളെ ബാധിക്കുമെന്ന ഭയം ഈ രണ്ടുസമുദായത്തിനുമുണ്ട്. മാത്രമല്ല നായര്‍ സമുദായം നേരത്തെ തന്നെ വലിയ തോതില്‍ ബിജെപിയിലെത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായങ്ങളുടെ നിര്‍ണ്ണായകമായ വോട്ടുകളും ബിജെപിക്ക് കിട്ടി. സംവരണ വിഷയത്തില്‍ തീവ്രമായ നിലപാട് എടുത്താല്‍ ബാക്കിയുള്ള വോട്ടുകള്‍ കൂടി പോകുമോ ഭയം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. സിറിയന്‍ ക്രൈസ്തവ വിഭാഗങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടാല്‍ അതു രാഷ്ട്രീയമായി വലിയ തിരിച്ചിടിയുണ്ടാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ജാതിസംവരണം അമ്പത് ശതമാനത്തിലധികം കൂട്ടുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇത് സംഭവിച്ചാല്‍ ഇന്ത്യയിലാകമാനം വലിയ തോതിലുള്ള പ്രശ്നങ്ങളുണ്ടാകും. മണ്ഡല് വിരുദ്ധ പ്രക്ഷോഭത്തിന്റെ കാലത്ത് ഉത്തരേന്ത്യയിലുണ്ടായ തരത്തിലുള്ള അക്രമാസക്തമായ സമരങ്ങള്‍ ഉണ്ടാകുമെന്ന് ബിജെപിയും ഭയക്കുന്നുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രതിസന്ധിയായിരിക്കും ഉണ്ടാക്കാന്‍ പോകുന്നത്. മാത്രമല്ല ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലും മുന്നോക്ക വോട്ടുകള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കോണ്‍ഗ്രസിന് അനുകൂലമായി വീണതുമാണ്. അതു നഷ്ടപ്പെടുത്തുന്ന സമീപനം എടുക്കരുതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നു.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഇനി ഇരുപത് മാസമേയുള്ളുവെന്നത് കൊണ്ട് അഖിലേന്ത്യ തലത്തില്‍ ഈവിഷയം ചൂടുപിടിക്കുന്നതിനോട് ഇവിടുത്തെ കോണ്‍ഗ്രസിന് താല്പര്യമില്ല. ജാതി സെന്‍സസ് തല്ക്കാലം നടത്തേണ്ടതില്ലന്ന് പിണറായി സര്‍ക്കാര്‍ നേരത്തെ തന്നെ തിരുമാനമെടുത്തതും കേരളത്തില്‍ ഈ വിഷയം ഉണ്ടാക്കുന്ന വിവാദങ്ങളും പ്രശ്നങ്ങളും മുന്നില്‍ കണ്ടുകൊണ്ടാണ്. അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും സംവരണ വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് അതു കണ്ടില്ലന്ന് നടിക്കുകയായിരുന്നു. വീണ്ടും അതു കുത്തിപ്പൊക്കി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വയ്യാവേലി തലയില്‍ വക്കേണ്ടാ എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.