ന്യൂഡൽഹി: ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരിൽ ലോക്സഭയിൽ ഭരണകക്ഷി-പ്രതിപക്ഷ പോര്.’ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ സഭയിൽ എഴുന്നേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട് ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും തിരിച്ചടിച്ചു. ഇതോടെ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുല് നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു.
ഇന്ത്യ എന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്ന് രാഹുൽ ലോക്സഭയിൽ പറഞ്ഞു. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനയ്ക്കെതിരെ തുടർച്ചയായ ആക്രമണമുണ്ടായി. ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ജനം എതിർത്തു. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞ രാഹുൽ ദൈവവുമായി പ്രധാനമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹത്തെ പരിഹസിച്ച് പറഞ്ഞു. ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നാണു മോദി പറഞ്ഞത്. ഇതിനെക്കാൾ വലിയ അജ്ഞതയുണ്ടോയെന്നും രാഹുൽ ചോദിച്ചു. ‘‘ബിജെപി അംഗങ്ങൾ ഭരണഘടനയെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ജനങ്ങളും ഞാനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഞാൻ ആക്രമിക്കപ്പെട്ടത്. 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തത് താൻ ആസ്വദിച്ചു’’– രാഹുൽ പറഞ്ഞു.
ലോക്സഭയിൽ പരമശിവന്റെ ചിത്രവും രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു രാഹുൽ ഗാന്ധി ശിവന്റെ ചിത്രം ഉയർത്തിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും പിന്നാലെ രാഹുൽ പറഞ്ഞു. ഗുരു നാനാക്കിന്റെ ചിത്രവും രാഹുൽ ലോക്സഭയിൽ പ്രദർശിപ്പിച്ചു. പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. രാഹുൽ മാപ്പ് പറയണമെന്നും അഭയമുദ്രയെപ്പറ്റി പറയാൻ രാഹുലിന് അവകാശമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അയോധ്യയെന്ന് പറഞ്ഞതും മൈക്ക് ഓഫ് ചെയ്തതെന്നും മൈക്കിന്റെ കൺട്രോൺ ആരുടെ കയ്യിലെന്നും സ്പീക്കറോട് രാഹുൽ ചോദിച്ചു. എന്നാൽ ഓഫ് ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. അയോധ്യയിൽ മത്സരിക്കാൻ മോദി ആലോചിച്ചു. എന്നാൽ തോൽക്കുമെന്ന് കരുതിയാണു പിന്മാറിയതെന്ന് രാഹുൽ പറഞ്ഞു. സംസാരിക്കുമ്പോൾ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും നിയമപ്രകാരം സംസാരിക്കണമെന്നും രാഹുലിനോട് സ്പീക്കർ പറഞ്ഞു. രാഹുലിന്റെ പരാമർശങ്ങൾക്ക് എതിരെ ഭരണപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്തു.