കൊച്ചി: നടന് സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടന്നത്.
ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്. താരം സ്ഥാനം ഒഴിഞ്ഞിരുന്നു. കടുത്ത മത്സരത്തില്‍ കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍ എന്നിവരെയാണ് സിദ്ദിഖ് പരാജയപ്പെടുത്തിയത്. ജഗദീഷും ജയന് ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. “അമ്മ’ യുടെ മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോള്‍ അവരുടെ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018ലാണ് ജനറല്‍ സെക്രട്ടറിയായത്.
2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍പോളിയും ആശ ശരത്തും ഹണി റോസുമാണ് തോറ്റത്.