കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി തൃശൂരില്‍ തെരെഞ്ഞടുപ്പിനെ നേരിട്ടത്. താന്‍ ജയിച്ചാല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും നിക്ഷേപങ്ങള്‍ നഷ്ടപ്പെട്ട എല്ലാവര്ക്കും അത് തിരിച്ചുകിട്ടുമെന്നും തെരെഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. തെരെഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ജയിക്കുകയും അദ്ദേഹം കേന്ദ്രമന്ത്രിയാവുകയും ചെയ്തു. നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ അദ്ദേഹം തീരുമാനിച്ചതിന്റെ സൂചനകളാണ് ഇപ്പോള്‍ തൃശൂരില്‍ നിന്നും ദൃശ്യമാകുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സിപിഎമ്മിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടിയിരിക്കുകയാണ്. ഇതോടെയാണ് സുരേഷ് ഗോപി തെരെഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് വെറുതയല്ലന്ന് പലര്‍ക്കും ബോധ്യമായത്. 77.63 ലക്ഷത്തിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. പാര്‍ട്ടിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കണ്ടുകെട്ടിയതില്‍ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്‍പ്പെടും. സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗ്ഗീസിന്റെ പേരില്‍ വാങ്ങിയ സ്വത്തുക്കളും അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. ഇതോടെ ഈ കേസില്‍ സിപിഎമ്മിനെയും പ്രതിചേര്‍ക്കുകയാണ്. വിവിധ പാര്‍ട്ടി ഘടകങ്ങളുടെ അക്കൗണ്ടാണ് ഇപ്പോള്‍ ഇഡി മരവിപ്പിച്ചത്. ജില്ലാ കമ്മറ്റിയുടെ രണ്ട് അക്കൗണ്ടും മരവിപ്പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊറത്തിശേരി ലോക്കല്‍ കമ്മറ്റി ഓഫീസിനായി വാങ്ങിയ അഞ്ച്സീറ്റ് ഭൂമിയാണ് കണ്ടുകെട്ടിയത്.
കരുവന്നൂര്‍ ബാങ്കില്‍ നിന്നും തട്ടിച്ചപണം സിപിഎമ്മിന്റെ അക്കൗണ്ടിലേക്ക് പോയെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി പറയുന്നത്. ഈ സാഹചര്യത്തിലാണ് കേസില്‍ സിപിഎമ്മിനെ പ്രതിയാക്കുന്നത്. സിപിഎമ്മിന്റേതും വ്യക്തികളുടേയും അടക്കം 28 കോടിയുടെ സ്വത്താണ് മരവിപ്പിച്ചത്. ഇതോടെ ഇനിയും അറസ്റ്റുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കൂടുതല്‍ സിപിഎം നേതാക്കളെ പ്രതിചേര്‍ക്കാനാണ് ഇഡി ഒരുങ്ങുന്നത്. മുന്‍ എംപി പികെ ബിജുവുള്‍പ്പെടെയുള്ള നേതാക്കളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവും ഇഡി നടത്തുന്നുണ്ട്. തൃശൂരില്‍ സുരേഷ്ഗോപി ജയിച്ചാല്‍ കരുവന്നൂര്‍ ബാങ്ക് കേസിന്റെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാകുമെന്ന വാര്‍ത്തകള്‍ തെരെഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളുന്ന വിധത്തില്‍ കടുത്ത നടപടികളുമായി ഇഡി മുന്നോട്ട് പോവുകയാണ്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു.ജനുവരി 16-ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇഡി നല്‍കുകയും ചെയ്തിരുന്നു. അതോടൊപ്പം ഈ രഹസ്യ അക്കൗണ്ടുകളുടെ വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ധനകാര്യ മന്ത്രാലയം എന്നിവയ്ക്കും ഇ.ഡി കൈമാറി. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ സിപിഎമ്മിന്റെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തില്‍ ഇ.ഡി. വെളിപ്പെടുത്തിയിരുന്നു. ഇരുപത്തഞ്ചോളം അക്കൗണ്ടുകളുടെ വിവരങ്ങള്‍ സിപിഎം മറച്ചുവച്ചുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. തികച്ചും നിയമ വിരുദ്ധമായിട്ടാണ് ഈ രഹസ്യ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നാണ് ഇ.ഡി യുടെ കണ്ടെത്തിയിരിക്കുന്നത്. കേരള സഹകരണ നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍, സൊസൈറ്റിയില്‍ അംഗത്വമെടുക്കണം. എന്നാല്‍ സിപിഎം കരുവന്നൂര്‍ സൊസൈറ്റിയില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് ഇ.ഡി യുടെ കണ്ടെത്തല്‍.
പാര്‍ട്ടി ഓഫീസുകള്‍ക്ക് സ്ഥലം വാങ്ങാനും, പാര്‍ട്ടി ഫണ്ട്, ലെവി എന്നിവ പിരിക്കാനും ആണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചത് എന്നാണ് ഇ.ഡി കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ വിവിധ സഹകരണ ബാങ്കുകളായി ഇരുപത്തഞ്ച് രഹസ്യ അക്കൗണ്ടുകള്‍ സിപിഎമ്മിനുണ്ടെന്ന് തെരെഞ്ഞെടുപ്പിന് മുമ്പെ ഇഡി വ്യക്തമാക്കിയിരുന്നു. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടിയുടെ 2023 മാര്‍ച്ചില്‍ സമര്‍പ്പിച്ച ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റില്‍ കാണിച്ചിട്ടില്ല.
മുന്‍ മന്ത്രി എ.സി മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരം വ്യാപകമായി ബിനാമി ലോണുകള്‍ കരുവന്നൂര്‍ ബാങ്ക് വഴി നല്‍കിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഈ ബിനാമി ലോണുകള്‍ കിട്ടിയവരെയും ഇഡി കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ വസ്തുക്കള്‍ അവര്‍ അറിയാതെ ഈടുവെച്ച് പണം കൈമാറ്റം ചെയ്തു. ഒരേ വസ്തു വ്യത്യസ്ത ലോണുകളാണ് ഈടുവെച്ച് കോടികളാണ് തട്ടിയത്. സിപിഎമ്മിനെ പ്രതിയാക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളായ എ സി മൊയ്തീന്, ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, മുന്‍ എംപി പികെ ബിജു എന്നിവര്‍ക്കെതിരെയുള്ള കുരുക്കുവീണ്ടും മുറുകും എന്നാണ് സിപിഎം ഭയക്കുന്നത്. സുരേഷ്ഗോപിയാകട്ടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണം തന്റെ പ്രസ്റ്റീജ് പ്രശ്നമായി മാറ്റിയിരിക്കുകയുമാണ്. അതുകൊണ്ട് എന്തും സംഭവിക്കാം. അതാണ് സിപിഎമ്മിനെ ഭയചകിതരാക്കുന്നത്