ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ കേരള ഘടകത്തിന് വിമർശനം. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിൽ പോലും സംസ്ഥാന ഘടകത്തിന് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പോലും തോൽവിയുടെ കാരണം സംസ്ഥാന ഘടകം വിലയിരുത്തി.
മാർക്സിയൻ വീക്ഷണകോണിലുള്ള വിലയിരുത്തൽ അല്ല നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈഴവരാദി പിന്നാക്ക, ദളിത് വിഭാഗങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കത്തതാണ് കനത്ത തോൽവിക്ക് ഇടയാക്കിയതെന്ന കണ്ടെത്തലിനെയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശിച്ചെന്നാണ് സൂചന. തിരിച്ചടിയുടെ ഉത്തരവാദിത്വം കോൺഗ്രസിനും ബി.ജെ.പിക്കും മേൽ കെട്ടിവച്ച കേരള ഘടകത്തിന്റെ വിലയിരുത്തൽ ശരിയായില്ലെന്ന് യെച്ചൂരിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ശക്തി കേന്ദ്രങ്ങളിലടക്കം പാർട്ടിയുടെ അടിസ്ഥാന വോട്ട് ചോർന്നെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. ദേശീയ തലത്തിൽ ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന പാർട്ടിയെന്ന നിലയിൽ കേരളത്തിലും കോൺഗ്രസിന് സ്വീകാര്യതലഭിച്ചെന്നും അത് സി.പി.എമ്മിന് തിരിച്ചടിയായെന്നുമുള്ള കേരളത്തിന്റെ വാദം യെച്ചൂരി തള്ളി. കോൺഗ്രസിന് മേൽക്കൈയുള്ള ’ഇന്ത്യ”മുന്നണിയുടെ ഭാഗമായത് തിരിച്ചടിയായെന്ന നിലപാടിനെയും യെച്ചൂരി വിമർശിച്ചു.