കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പാർട്ടിയുടെ 73 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മൂന്നു സെന്റ് സ്ഥലവും അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന 43 ലക്ഷവുമാണ് കണ്ടുകെട്ടിയത്.
ഈ കേസിൽ സി.പി.എമ്മിനെ പ്രതിയാക്കുന്നതും സ്വത്ത് കണ്ടുകെട്ടുന്നതും ആദ്യമായാണ്. ഇത് ഉൾപ്പെടെ പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.മൂന്നു സെന്റ് ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്ന പൊറത്തിശേരിയിലെ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ എം.എം. വർഗീസിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. സെന്റിന് പത്തുലക്ഷം രൂപയ്ക്കാണ് രജിസ്റ്റർചെയ്തിരുന്നത്. ഇതിന് 30 ലക്ഷം കണക്കാക്കിയാണ് കണ്ടുകെട്ടിയത്. യഥാർത്ഥ വില ഇതിലും കൂടുതലെന്നാണ് സൂചന.
ബ്രാഞ്ച് കമ്മിറ്റികളുടെ എട്ട് അക്കൗണ്ടുകളിലെ തുക കണ്ടുകെട്ടി. രണ്ടെണ്ണം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റികളുടേതാണ് മറ്റ് അക്കൗണ്ടുകൾ.സി.പി.എം സംസ്ഥാന നേതൃത്വം അടക്കം അറിഞ്ഞാണ് വായ്പാത്തട്ടിപ്പ് നടത്തിയതെന്ന് ഇ.ഡി കൊച്ചിയിലെ കള്ളപ്പണ വിനിമയ നിരോധനനിയമം കൈകാര്യം ചെയ്യുന്ന കോടതിയെ അറിയിച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുള്ള അംഗങ്ങളല്ലാത്തവർക്കുവരെ കോടികൾ വായ്പ നൽകി.
ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സി.പി.എമ്മിന്റെ തൃശൂരിലെ 4.8 കോടി രൂപയുടെ നിക്ഷേപങ്ങൾ ആദായനികുതിവകുപ്പ് മരവിപ്പിച്ചിരുന്നു. നികുതി റിട്ടേണിൽ കാണിക്കാത്ത തുകയെന്ന നിലയിലാണ് മരവിപ്പിച്ചത്. അറസ്റ്റിലായ സി.പി.എം മുൻ നേതാവ് പി.ആർ. അരവിന്ദാക്ഷനാണ് തട്ടിപ്പിലെ മുഖ്യ ആസൂത്രകനെന്ന് ഇ.ഡി പറയുന്നു.