തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതം സമ്മാനിച്ച് പെയ്ത കനത്ത മഴയ്ക്ക് വരും ദിവസങ്ങളില്‍ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര, തീവ്ര മഴ മുന്നറിയിപ്പ് ഇല്ല. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.അടുത്ത അഞ്ചുദിവസത്തെ മഴ പ്രവചനത്തില്‍ നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
അതിനിടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 8.30 വരെ 3.0 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യതയുള്ളത്. കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.