ന്യൂഡൽഹി∙ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചാസമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ ഓം ബിർല നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് 12 മണി വരെ സഭ നിർത്തിവച്ചു.രാജ്യസഭയിലും അടിയന്തര പ്രമേയം അനുവദിച്ചില്ല. രാജ്യസഭയും 12 മണി വരെ നിർത്തിവച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് സഭയിൽ വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവായശേഷം രാഹുൽ ആദ്യമായി സഭയിൽ ഉന്നയിച്ച വിഷയമാണിത്. രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന വിഷയമാണിതെന്നു രാഹുൽ പറഞ്ഞു. ഇതു ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാധ്യമങ്ങളും ജനങ്ങളും ആ ചർച്ചയിൽ പങ്കാളികളാകണം. വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ ഇന്ത്യൻ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന സന്ദേശമാകണം പാർലമെന്റിൽ നിന്നുണ്ടാകേണ്ടതെന്നും രാഹുൽ പറഞ്ഞു.