ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ മറ്റ് എംപിമാരോടൊപ്പം ആദ്യദിവസം പ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുന്‍പും അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് വിമാനത്താവളത്തില്‍ നിന്നും പാര്‍ലമെന്റില്‍ കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞില്ല. ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പ്രധാനമന്ത്രിയുടെ സ്പീക്കർ അനുമോദന പ്രസംഗത്തിനിടെ സഭയിലെത്തിയ തരൂർ സഭാധ്യക്ഷന് കത്ത് നൽകിയെങ്കിലും അത് പരിഗണിക്കാതെ വിട്ടു. ഇതോടെയാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് നടന്നത്. ഭരണഘടന കൈയിലേന്തി ഇംഗ്ലീഷിലാണ് അദ്ദേഹം പ്രതിജ്ഞാ വാചകം ചൊല്ലിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും 16,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം 18-ാം ലോക്സഭയിലെത്തുന്നത്. തുടര്‍ച്ചയായി നാലാം തവണയാണ് തരൂര്‍ തിരുവനന്തപുരത്തെ പ്രതിനിധികരിക്കുന്നത്.