ന്യൂഡൽഹി : തുടർച്ചയായ രണ്ടാം ദിവസവും അടിയന്തരാവസ്ഥ പാർലമെന്റിൽ ചർച്ചയാക്കി ഭരണപക്ഷം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലാണ് അടിയന്തരാവസ്ഥ ചർച്ചയിൽ നിർത്താനായി ഭരണപക്ഷം ശ്രമിച്ചത്. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ഭരണഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണം എന്നും രാജ്യത്തിൻ്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായം എന്നുമാണ് പ്രസിഡന്റ് ദ്രൗപതി മുർമു വിശേഷിപ്പിച്ചത്. ഇന്നലെ അസാധാരണ പ്രമേയത്തിലൂടെ സ്പീക്കറും അടിയന്തിരാവസ്ഥ സഭയിൽ ചർച്ചയാക്കിയിരുന്നു. ഭരണഘടനയെ മുറുകെ പിടിച്ച് പ്രതിപക്ഷം നടത്തുന്ന നീക്കങ്ങളുടെ മുനയൊടിക്കാനാണ് അടിയന്തരാവസ്ഥയെന്ന ഭരണഘടനാ സ്തംഭനം ബിജെപി ചർച്ചയാകുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്നും ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളെ എല്ലാവരും അപലപിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. “ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിൻ്റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്ത് രാജ്യം മുഴുവൻ അരാജകത്വത്തിലേക്ക് കൂപ്പുകുത്തി, എന്നാൽ അത്തരം ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരെ രാജ്യം വിജയിച്ചു,” ഭരണകക്ഷിയായ ബിജെപി അംഗങ്ങളുടെ ആഹ്ലാദത്തിനും പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിനും ഇടയിൽ അവർ പറഞ്ഞു. “നമ്മുടെ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും എല്ലാവരും അപലപിക്കണം. ജനാധിപത്യത്തെ ദുർബലപ്പെടുത്താനും രാജ്യത്തിനകത്തും പുറത്തും നിന്ന് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനും ഛിദ്രശക്തികൾ ഗൂഢാലോചന നടത്തുകയാണ്,” രാഷ്ട്രപതി പറഞ്ഞു. ബി.ജെ.പിയും പ്രതിപക്ഷവും തമ്മിലുള്ള വാക് പോരിൻ്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥയെ കുറിച്ച് പ്രസിഡൻ്റ് മുർമുവിൻ്റെ പരാമർശം.