തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐകകണ്ഠേനെ പ്രമേയം പാസാക്കി നിയമസഭ. എം. വിജിൻ അവതരിപ്പിച്ച ഉപക്ഷേപമാണ് പാസാക്കിയത്.നീറ്റ് – പരീക്ഷയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എം. വിജിൻ ആരോപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേട് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ മനസിൽ തീ കോരിയിട്ട സംഭവമാണ്. ഏറെ പ്രതീക്ഷയോടെ 24 ലക്ഷത്തിലധികം കുട്ടികൾ എഴുതിയ പരീക്ഷാ നടത്തിപ്പിലെ വീഴ്ച മാപ്പ് അർഹിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപകമായ പണമിടപാടും അഴിമതിയും ക്രമക്കേടുകളും നീറ്റ് പരീക്ഷയിൽ നടന്നു. പരിശീലന സെന്ററുമായി ചേർന്നു നടത്തിയ കൊള്ളയാണ് നെറ്റ് പരീക്ഷയിൽ നടന്നത്. പ്രതിഫലമായി കോടികളാണ് മറിഞ്ഞത്. ബിജെപി നേതാക്കൾക്ക് ക്രമക്കേടിൽ നേരിട്ട് ബന്ധമുണ്ടെന്നും വിജിൻ ആരോപിച്ചു. രണ്ടു മണിക്കൂർ ചർച്ചയാണ് വിഷയത്തിൽ നടന്നത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയിൽ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ വിമർശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു.