കോട്ടയം: കേരളത്തിൽ മഴ ശക്തമായി തുടരുന്നതിനിടെ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടം. മലങ്കര ഡാം തുറന്നതിനാൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കും. ഇടുക്കി പാംബ്ല ഡാം തുറന്നു, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഉയർത്തി.പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം മണിക്കൂറോളം തടസപ്പെട്ടു. ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ താഴ്ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട്, ജില്ലകളിലും നാളെ വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേവികുളം താലൂക്കിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.