അമരാവതി: ആന്ധ്രയില്‍ ജഗന്മോഹന് റെഡ്ഡിയുടെ പാര്‍ട്ടിക്കെതിരേ ബുള്‍ഡോസര്‍ നടപടിയുമായി ടിഡിപി സര്‍ക്കാര്‍. വിജയവാഡയില്‍ നിര്‍മാണത്തിലിരുന്ന വൈഎസ്ആര്‍സിപിയുടെ ആസ്ഥാനമന്ദിരം ഇടിച്ച് നിരത്തി.കെട്ടിടം പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് ലഭിച്ചെന്ന് വെള്ളിയാഴ്ച വൈഎസ്ആര്‍സിപി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 5:30ഓടെ കെട്ടിടം പൊളിക്കാനുള്ള നടപടി തുടങ്ങുകയായിരുന്നു.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടി തുടരുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇത് പ്രതികാര രാഷ്ട്രീയം ആണെന്നും ജനാധിപത്യ വിശ്വാസികള്‍ ഇതിനെ അപലപിക്കണമെന്നും ജഗന് മോഹന്‍ റെഡ്ഡി സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.അതേസമയം 2019ല്‍ ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രിയായപ്പോള്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ വീടിനോട് ചേര്‍ന്നുള്ള പ്രജാവേദിക കോണ്‍ഫറന്‍സ് ഹാള്‍ ഇടിച്ച് നിരത്തിയിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് ജനങ്ങളെ കാണാന്‍ ആ കെട്ടിടം നിലനിര്‍ത്തണമെന്ന് ജഗനോട് അഭ്യര്‍ഥിച്ചുകൊണ്ട് കത്ത് നല്‍കിയതിന്റെ പിറ്റേ ദിവസമായിരുന്നു നടപടി.