സെന്റ് ലൂസിയ: ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഏഴു റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക. 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. സ്കോര്‍– ദക്ഷിണാഫ്രിക്ക: ആറിന് 163, ഇംഗ്ലണ്ട്: ആറിന് 156. ജയത്തോടെ സൂപ്പർ8 റൗണ്ടിലെ രണ്ടാം ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. രണ്ടു വിജയങ്ങളിൽനിന്ന് നാലു പോയിന്റ് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഒരു വിജയവും ഒരു തോൽവിയുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമി ഫൈനലിലെത്തുക.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്വിന്റൻ ഡികോക്ക് അർധ സെഞ്ചറി നേടി. 38 പന്തിൽ നാലു വീതം സിക്സറുകളും ഫോറുകളും അടിച്ച ക്വിന്റൻ ഡികോക്ക് 65 റൺസെടുത്തു പുറത്തായി. ഡേവിഡ് മില്ലർ 28 പന്തിൽ 43 റൺസെടുത്തു. ഓപ്പണർമാരായ ഡികോക്കും റീസ ഹെൻറിക്സും ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ മൂന്നു വിക്കറ്റു വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ മുൻനിര താരങ്ങൾ വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായപ്പോൾ മധ്യനിരയിൽ ഹാരി ബ്രൂക്കും ലിയം ലിവിങ്സ്റ്റണുമാണ് കരുത്തായത്. ബ്രൂക്ക് 37 പന്തിൽ 53 റൺസെടുത്തു പുറത്തായി. 17 പന്തുകള്‍ നേരിട്ട ലിയാം ലിവിങ്സ്റ്റൻ 33 റൺസെടുത്തു. ഫിൽ സോൾട്ട് (എട്ട് പന്തിൽ 11), ജോസ് ബട്ലർ (20 പന്തിൽ 17), ജോണി ബെയർസ്റ്റോ (20 പന്തിൽ 16) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.
അവസാന ഓവറിൽ 14 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ ഹാരി ബ്രൂക്കിനെ പുറത്താക്കി ആന്റിച് നോർട്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. സാം കറനും ജോഫ്ര ആർച്ചറും പുറത്താകാതെ നിന്നിട്ടും ഈ ഓവറിൽ ആറു റൺസ് മാത്രമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദയും കേശവ് മഹാരാജും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.