ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു ജാമ്യം. അറസ്റ്റിലായി ജൂൺ 21നു മൂന്നു മാസം തികയാനിരിക്കെയാണു റൗസ് അവന്യൂവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. കോടതി നടപടികൾ പൂർത്തിയാക്കി കേജ്രിവാൾ വെള്ളിയാഴ്ച ജയിൽമോചിതനാകും എന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു.
നേരത്തേ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറച്ചുദിവസം കേജ്രിവാൾ ജാമ്യത്തിലിറിങ്ങിയിരുന്നു. അന്നു സുപ്രീംകോടതിയുടെ ഇടക്കാലജാമ്യം ലഭിച്ച കേജ്രിവാൾ ജൂൺ രണ്ടിനാണു തിരികെ ജയിലിൽ പ്രവേശിച്ചത്. മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയെയും (എഎപി) കേജ്രിവാളിനെയും പ്രതിചേർത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യമായാണു രാഷ്ട്രീയ പാർട്ടിയും നിലവിലെ മുഖ്യമന്ത്രിയും പ്രതിചേർക്കപ്പെട്ടത്. മാർച്ച് 21ന് ഇ.ഡി അറസ്റ്റ് ചെയ്ത കേജ്രിവാളിനെ തിഹാർ ജയിലിലാണു പാർപ്പിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ കാട്ടി 7 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.