ചെന്നൈ: സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും അനധികൃത സ്റ്റേജ് കാരിയറുകളായി ഓടിക്കുന്നതുമായ ബസുകൾ ഇനി മുതൽ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് ഗതാഗതവകുപ്പ്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചോടുന്ന ബസുകൾക്ക് സർക്കാർ നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് കടുത്ത നടപടികളുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നത്.
കേരളം, നാഗാലാൻഡ്, സിക്കിം, കർണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 547 ബസുകളാണ് ഇത്തരത്തിൽ സർവീസ് സർവീസ് നടത്തുന്നത്. രജിസ്ട്രേഷൻ മാറാതെ ഈ ബസുകൾ നിരത്തിലിറക്കാനാകില്ല. ഈ ബസുകളുടെ വിശദാംശങ്ങൾ www.tnsta.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ചട്ടം ലംഘിച്ച് ഒടുന്ന ബസുകൾക്കെതിരെ വ്യാഴാഴ്ച മുതൽ നടപടി തുടങ്ങി. കേരളത്തിൽ നിന്നും തമിഴ്നാട് വഴി ബംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അധികൃതർ തടഞ്ഞു. യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു.
ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾ മൂലം സർക്കാരിന് പ്രതിവർഷം 34.56 കോടി രൂപയുടെ നഷ്ടമാണുള്ളതെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.ആയിരത്തിലധികം ഓമ്നി ബസുകൾ തമിഴ്നാട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 647 ബസുകളും ഇതിൽ ഉൾപ്പെടുന്നു. ഈ ബസുകൾ തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലേക്ക് ജൂൺ 14നകം മാറ്റണമെന്ന് റോഡ് ട്രാൻസ്പോർട്ട് കമ്മിഷൻ നിർദേശിച്ചിരുന്നു. തുടർന്ന് 105 ബസുകൾ തമിഴ്നാട്ടിലേക്ക് രജിസ്ട്രേഷൻ നമ്പർ മാറ്റി. ബാക്കിയുള്ള 547 ബസുകൾ പഴയതുപോലെ ഓടുകയായിരുന്നു.
എന്നാൽ, സമയ പരിധി നീട്ടാൻ ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറിനെ കണ്ട ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ദിവസംകൂടി മാത്രമാണ് ഇളവ് നൽകിയത്. സമയപരിധി അവസാനിച്ചതോടെ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ഒരുമാസമെങ്കിലും സമയം വേണമെന്നാണ് ഒമ്നി ബസ് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. റീ-രജിസ്ട്രേഷനായി പ്രത്യേക ക്യാമ്പുകൾ നടത്താനും ആവശ്യമുന്നയിച്ചിട്ടുണ്ട്.