തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത തിരിച്ചടി നേരിട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങളുടെ മനസറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു. ക്ഷേമപെൻഷൻ മുടങ്ങിയതും സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് കുറിച്ച് എൽ.ഡി.എഫ് യോഗത്തിലെ വിലയിരുത്തലിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് ഇക്കുറി കേരളത്തിൽ സീറ്റ് നേടിയത് അത്യന്തം അപകടകരമാണ്. സി.പി.എമ്മിന് 2019 പോലെ ഒരു സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. ജാതി സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴടങ്ങി. മതനിരപേക്ഷതക്ക് പകരം ജാതിബോധവും വർഗീയത ധ്രുവീകരമുണ്ടാക്കി. ഈഴവരിലെ ഒരു വിഭാഗം വർഗീയതയിലേക്ക് നീങ്ങുകയാണെന്നും അവർ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചതും എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം സിപിഎം യോഗത്തിന് ശേഷം പറഞ്ഞു.
എസ്.എൻ.ഡി.പിയുടെ പേരെടുത്തു പറഞ്ഞായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം. എല്ലാ രാഷ്ടീയപാർട്ടിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എസ്.എൻ.ഡി.പി വിഭാഗം ബി.ജെ.പിയുടെ വർഗീയതയിലേക്ക് നീങ്ങുന്നതാണ് കണ്ടത്. ക്രൈസ്തവരിൽ ഒരു വിഭാഗം ബി.ജെ.പിയെ അനുകൂലിച്ചു. ചില സ്ഥലങ്ങളിൽ ബിഷപ്പുമാർ വരെ നേരിട്ടിറങ്ങി. ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം ചിന്തിച്ചതും ആ നിലക്കാണ്. കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന പ്രചാരണവും എൽ.ഡി.എഫിന് തിരിച്ചടിയായി. ദേശീയ തലത്തിൽ സിപിഎം സർക്കാർ ഉണ്ടാക്കില്ലെന്നും കോൺഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നൽ മതന്യൂനപക്ഷങ്ങളിൽ ഉണ്ടായത് നല്ലത് പോലെ ബാധിച്ചു.
ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവർ എല്ലാം മുന്നണി പോലെ പ്രവർത്തിച്ചു. മറ്റ് തെരഞ്ഞെടുപ്പുകളിൽ ഇവരെല്ലാം മത്സരിക്കാറുണ്ട്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവര്‍ മത്സരിച്ചില്ല. വളരെ ചുരുക്കം സീറ്റുകളിൽ മത്സരിക്കുന്നവര്‍ക്ക് ഇത്തവണ ഐക്യമുന്നണി പോലെ വര്ഘീയ ധ്രുവീകരണത്തിന് കാരണമായി. മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തോൽവിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും. എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.