ഇടതുമുന്നണിയുടെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയുടെ യോഗങ്ങളിലെല്ലാം കടുത്ത പിണറായി വിമര്‍ശനം അരങ്ങു തകര്‍ക്കുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറണമെന്നാണ് സിപിഐയുടെ പതിനാല് ജില്ലാകമ്മിറ്റികളുടെയും യോഗത്തില്‍ ഉയര്‍ന്നുകേട്ട പൊതുവികാരം. സിപിഐയുടെ മന്ത്രിമാരെക്കൊണ്ട് ജനങ്ങള്‍ക്ക് അഞ്ച് നയാപൈസയുടെ പ്രയോജനമില്ലന്നും പിണറായിക്കൊത്ത ചങ്കരന്മാരാണ് ഈ മന്ത്രിമാരെന്നുമാണ് അവരെ ഇരുത്തിക്കൊണ്ട് നേതാക്കള്‍ പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സിപിഐയെ നന്നായി പിടിച്ചുകുലുക്കിയിട്ടുണ്ട്. തങ്ങളുടെ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ബിജെപി ഒന്നാം സ്ഥാനത്ത് വന്നതും, സിപിഎമ്മിനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് തങ്ങള്‍ക്ക് നേരെ തിരിയുന്നതും സിപിഐ തിരിച്ചറിയുന്നുണ്ട്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമായാല്‍ സിപിഐയുടെ സാധ്യതകളെ അത് വല്ലാതെ ബാധിക്കുമെന്ന തിരിച്ചറിവ് പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കുമുണ്ട്. ഒരു സീറ്റുപോലും കിട്ടാത്ത സ്ഥിതി പാര്‍ട്ടിക്ക് വന്നുചേരാമെന്ന് സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. ബിനോയ് വിശ്വവും കാനം രാജേന്ദ്രനെപ്പോലെ പിണറായിയുടെ ‘യെസ് മാന്‍’ ആണെന്നതും സിപിഐ നേതാക്കളുടെ രോഷം വര്‍ധിപ്പിക്കുന്നു. സ്വന്തം മന്ത്രിമാരെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് പാര്‍ട്ടി നേതാക്കളെല്ലാം പുലര്‍ത്തുന്നതും. മന്ത്രിമാരുടെ കഴിവുകേടും കെടുകാര്യസ്ഥതയും എല്ലാ സിപിഐ യോഗങ്ങളും ചര്‍ച്ചാ വിഷയവുമാണ്. കാനം രാജേന്ദ്രനുണ്ടായിരുന്നപ്പോള് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതികൊണ്ട് ഇത്തരം എതിര്‍പ്പുകളെയും അഭിപ്രായഭിന്നതകളെയും കാര്യമായി പുറത്തറിയാതിരിക്കാന്‍ കഴിഞ്ഞിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് സിപിഐ. 57-59 കാലത്ത് അവിഭക്ത കമ്യൂണിസ്റ്റുപാര്ട്ടിയായും, പിന്നീട് 67 മുതല്‍ 82 വരെ സിപിഐ ആയി ഇരുമുന്നണികളിലും നിന്നുകൊണ്ട് തുടര്‍ച്ചയായി ഭരണത്തില്‍ പങ്കാളിയായി. അതിന് ശേഷം 87 മുതലുള്ള എല്ലാ ഇടതു മന്ത്രിസഭകളിലും സിപിഐ പങ്കാളിയായിരുന്നു. ഏതാണ്ട് നാല് ദശാബ്ദത്തിലധികം കാലം സിപിഐ എന്ന പാര്‍ട്ടി വിവിധ മുന്നണികളിലായി കേരളത്തില്‍ ഭരണത്തില്‍ പങ്കാളികളാണ്. പ്രതിഭാധനരും കരുത്തരുമായ നേതാക്കളാണ് ആ പാർട്ടിക്കുണ്ടായിരുന്നത് എന്നത് കൊണ്ട് വലിയ തോതിലുള്ള അഴിമതിയാരോപണങ്ങളൊന്നും അവര്‍ക്ക് നേരെ ഉയര്‍ന്നില്ല. അതോടൊപ്പം സി അച്യുതമേനോന്, പികെ വാസുദേവന്‍നായര്‍ എന്നീ രണ്ട് മുഖ്യമന്ത്രിമാരെയും, ടി വി തോമസിനെപ്പോലെ അതിപ്രഗല്ഭരായ മന്ത്രിമാരെയും സംഭാവന ചെയ്യാന്‍ സിപിഐക്ക് കഴിയുകയും ചെയ്തു.
എന്നാല്‍ സികെ ചന്ദ്രപ്പന്റെ മരണത്തിന് ശേഷം സിപിഐ പതിയെ സിപിഎമ്മിന് കീഴടങ്ങുകയാണെന്ന ധാരണ പാര്‍ട്ടി അണികള്‍ക്കിടയില്‍ വ്യാപകമായി. പിന്നീട് വന്ന സിപിഐ സംസ്ഥാന സെക്രട്ടറിമാരെല്ലാം, ഇപ്പോഴത്തെ ബിനോയ് വിശ്വം ഉള്‍പ്പെടെ പിണറായി വിജയന്റെ വിശ്വസ്ത വിധേയരായി മാറിയെന്നും സിപിഐക്കുള്ളില്‍ അഭിപ്രായമുണ്ടായി.2021 ലെ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം സിപിഐ അണികളെ കൂടുതല്‍ ഉത്തേജിതരാക്കിയെന്നതു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സിപിഎം ചെയ്യുന്ന തെറ്റുകളുടെയും കുറ്റങ്ങളുടെയും പാപഭാരം മുഴുവന്‍ തങ്ങളുടെ ചുമലില്‍ വരുമെന്ന ഭയമാണ് ഇപ്പോള്‍ സിപിഐയെ നയിക്കുന്നത്. ജനവികാരം എത്ര ശക്തമായാലും സിപിഎമ്മിന് തങ്ങളുടെ സംഘടനാ ശേഷി വച്ചുപിടിച്ചു നില്ക്കാന് കഴിയും എന്നാല്‍ സിപിഐക്ക് അതിന് കഴിയില്ല. കൊല്ലം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് പൊതുവെ സിപിഐയുടെ ശക്തികേന്ദ്രങ്ങള്‍. മറ്റു ജില്ലകളിലെല്ലാം സിപിഐക്ക് സിപിഎമ്മിന്റെ സഹായം കൊണ്ടു ജയിക്കുന്ന ഒന്നോ രണ്ടോ സീറ്റുകളാണുള്ളത്.
തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സിപിഐയുടെ മണ്ഡലങ്ങളില്‍ ബിജെപി വലിയ തോതില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വ്യക്തമാക്കിത്തന്നു. സിപിഐയുടെ നിലവിലുള്ള എംഎല്‍എമാരില്‍ ഭൂരിഭാഗവും അടുത്ത തവണ മാറും. പുതുമുഖങ്ങളായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതലും മല്‍സരിക്കുക. പുതുമുഖ താരങ്ങള്‍ കൂട്ടത്തോടെ പരാജയപ്പെടുന്ന അവസ്ഥയുണ്ടാകുമോ എന്ന ഭയവും സിപിഐ നേതാക്കള്‍ക്കുണ്ട്. സിപിഐയുടെ വിമര്‍ശനം സിപിഎമ്മോ പിണറായി വിജയനോ ഒരിക്കലും കാര്യമാക്കിയെടുക്കില്ല. ജനങ്ങള്‍ക്ക് മു്മ്പില്‍ പിടിച്ചുനില്‍ക്കാനുള്ള നമ്പറുകള്‍ ആണിവയൊക്കെയെന്നാണ് നേരത്തെയും സിപിഐ വിമര്‍ശനത്തെക്കുറിച്ച് സിപിഎം പറയാറുള്ളത്. എന്നാല്‍ ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടിവച്ചുനേക്കുമ്പോള് ഈ വിമര്‍ശനങ്ങള്‍ കാര്യമാക്കി എടുക്കുന്നതാണ് സിപിഎമ്മിനും നല്ലത്.