കൊച്ചി: സ്കൂൾ പ്രവൃത്തിദിനങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനമല്ലേയെന്ന് ഹൈക്കോടതി. സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരേ അധ്യാപക സംഘടനാ പ്രതിനിധികളടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
സ്കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവർത്തിക്കുന്നതെന്നും വർഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹർജിക്കാർ അറിയിച്ചു. പ്രായോഗികമായി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ചോദിച്ച കോടതി സർക്കാരിന്റെ മറുപടിക്കായി ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.220 ദിവസം പ്രവൃത്തി ദിനമാക്കിയ തീരുമാനം സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതായി ആരോപിച്ചാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ ഹർജി നല്‍കിയത്.
ഒരു സ്വകാര്യ സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് അധ്യയന ദിവസം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ബന്ധപ്പെട്ടവരെ കേട്ട ശേഷം വേണം തീരുമാനമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അധ്യാപകരടക്കം തീരുമാനം ബാധിക്കാനിടയുള്ള വിഭാഗങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിട്ടില്ല. പ്രൈമറി മേഖലയിലടക്കം 220 ദിവസം അധ്യയന ദിവസമാക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ്. ഒരു സര്‍ക്കാര്‍ ഉത്തരവുകളുടെയും പിന്‍ബലമില്ലാതെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തീരുമാനം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാർ ആവശ്യപ്പെട്ടത്.