ന്യൂഡൽഹി: നിയമവിരുദ്ധവും നിർബന്ധിതവുമായ മതപരിവർത്തനം തടയാൻ നിയമനിർമാണം നടത്തുമെന്ന് രാജസ്ഥാൻ സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. അഭിഭാഷകനായ അശ്വിനി കുമാർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് രാജസ്ഥാൻ സർക്കാറിന്റെ മറുപടി.
‘ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക നിയമങ്ങൾ നിലവിലില്ലെന്ന് അറിയിക്കാനാണ് ഈ സത്യവാങ്മൂലം സമർപ്പിക്കുന്നത്. അതേസമയം, വിവിധ കേസുകളിൽ സുപ്രിംകോടതിയും രാജസ്ഥാൻ ഹൈകോടതിയും നൽകിയ കർശന നിർദേശങ്ങൾ തങ്ങൾ പാലിക്കുന്നുണ്ട്. രാജസ്ഥൻ സ്വന്തമായ നിയമം കൊണ്ടുവരുന്ന പ്രക്രിയയിലാണ്. അതുവരെ നിലവിലുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കും’ -സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
2022 ജനുവരിയിൽ തമിഴ്നാട്ടിൽ 17കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കേന്ദ്രവും സംസ്ഥാനങ്ങളും വഞ്ചനാപരമായ മതപരിവർത്തനത്തിന്റെ ഭീഷണി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കാണിച്ചാണ് അശ്വിനി കുമാർ സുപ്രിംകോടതിയിൽ പൊതുതാൽപ്പര്യ ഹരജി സമർപ്പിച്ചത്. ഇന്ത്യൻ പീനൽ കോഡിൽ മതപരിവർത്തനം ഉൾപ്പെടാത്തിനാൽ പല സംസ്ഥാനങ്ങളും വിദേശ ഫണ്ട് ലഭിക്കുന്ന വ്യക്തികൾക്കും എൻ.ജി.ഒകൾക്കും മതപരിവർത്തനത്തിനുള്ള സുരക്ഷിത കേന്ദ്രമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ഹർജിയിൽ വിശദീകരണം തേടി 2022 സെപ്റ്റംബറിൽ കേന്ദ്രത്തിനും മറ്റു സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടീസ് നൽകി. ഇതിനുള്ള മറുപടിയിലാണ് നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥൻ സർക്കാർ അറിയിച്ചത്.