ന്യൂഡൽഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും.
വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ട സാഹചര്യമുള്ളതിനാൽ രാഹുൽ വയനാട് ഒഴിയുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യോഗത്തിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും വിജയിച്ച റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിംഗിനെയാണ് പരാജയപ്പെടുത്തിയത്.
വയനാട്ടിൽ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിലെ ആനിരാജയെ പരാജയപ്പെടുത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് വയനാട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.