തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ സിപിഎം. കേഡര്‍ വോട്ടുകള്‍ ചോര്‍ന്നു. പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ച തോല്‍വിയുടെ ആഘാതം കൂട്ടിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. 20 മണ്ഡലങ്ങളിലെയും വോട്ടുവിഹിതം അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് യോഗത്തില്‍ നടക്കുന്നത്.
പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയില്‍ പ്രത്യേക പരിശോധന നടത്തിയേക്കും. വന്‍തോതില്‍ വോട്ടു ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനയ്ക്കായി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതില്‍ അഞ്ചു ദിവസത്തെ സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുക്കും. ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടുകളുടെ കണക്ക്, ഇടതുപക്ഷത്തിന് വോട്ടുചോര്‍ച്ചയുണ്ടായ മേഖലകള്‍, തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് മണ്ഡലം തലത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇത് സെക്രട്ടേറിയറ്റ് യോഗം പരിശോധിക്കും. പത്തുമണ്ഡലങ്ങളുടെ പരിശോധനയാണ് ഞായറാഴ്ച പൂര്‍ത്തിയായത്.
തെറ്റു തിരുത്തല്‍ നടപടികള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കാനും ആലോചനയുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും തുടരും. നാളെ മുതല്‍ മൂന്നു ദിവസം സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.