ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, 1872ലെ തെളിവു നിയമം, 1973ലെ ക്രിമിനൽ നടപടിച്ചട്ടം എന്നിവയ്ക്ക് പകരമുള്ള ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ ഉടൻ നടപ്പാക്കരുതെന്ന് മുതിർന്ന അഭിഭാഷകരും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയനുമടക്കം ആവശ്യപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ മൂന്ന് നിയമങ്ങളിലും നിരവധി നൂതന ആശയങ്ങളുണ്ടെന്നും പുതിയ കാലത്തിന് യോജിച്ചവയാണെന്നും നിയമമന്ത്രി വിശദീകരിച്ചു. 2023 ഡിസംബറിൽ പാർലമെന്റ് പാസാക്കി അതേമാസം തന്നെ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചെങ്കിലും ഫെബ്രുവരിയിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.