കോഴിക്കോട്: സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതിന്റെ ക്രെഡിറ്റിനെചൊല്ലി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചാനൽചർച്ചകളിലെ ‘സംഘ്പരിവാർ നിരീക്ഷകൻ’ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള പരസ്യവിഴുപ്പലക്കൽ തുടരുന്നു. സുരേന്ദ്രനെ അനുകൂലിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട മുതിർന്ന ബി.ജെ.പി നേതാക്കളെ ‘ഭജനസംഘം’ എന്നുവിളിച്ച് പരിഹസിച്ചാണ് ഇത്തവണ ശ്രീജിത്ത് രംഗത്തെത്തിയിരിക്കുന്നത്.
‘ഇത്രയും ദിവസം ആയല്ലോ. ഇനിയെങ്കിലും സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിക്കുന്നു എന്ന് ആക്രി നിരീക്ഷകൻ പറഞ്ഞ വിഡിയോ ഭജനസംഘത്തിലെ ആരെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. ബ്ലീസ്’’ എന്നാണ് പുതിയ പോസ്റ്റിൽ പറയുന്നത്. വിമർശനം പരിധിവിടുന്നുവെന്ന് കമന്റിലൂടെ ചൂണ്ടിക്കാട്ടിയവരോട് ‘ഭജനസംഘം ആക്രമിച്ചത് എന്നെയല്ലേ, എന്നെ പറഞ്ഞാൽ ഏത് ദേവേന്ദ്രൻ ആയാലും തിരിച്ചു പറഞ്ഞിരിക്കും’ എന്നാണ് പണിക്കരുടെ മറുപടി. തനിക്കെതിരെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണത്തിന് തെളിവ് ചോദിക്കാൻ പാടില്ലേ എന്നും ചോദിക്കുന്നു.
സുരേന്ദ്രനെതിരെ ശ്രീജിത്ത് ഉന്നയിച്ച കൊടകര കുഴൽപണം, മകന്റെ നിയമനം തുടങ്ങിയവക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന് ‘ഇങ്ങോട്ട് ഉള്ളതുപോലെ അങ്ങോട്ടും’ എന്നാണ് മറുപടി. കേരളത്തിൽ പലയിടത്തും ബിജെപി വോട്ട് കൂടിയത് ഗണപതിവട്ടം കൊണ്ടാണോ എന്നും വയനാട്ടിൽ കെട്ടിവച്ച കാശ് കിട്ടിയോ എന്നും പരിഹസിക്കുന്നുമുണ്ട് ശ്രീജിത്ത്.
ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന് ശ്രീജിത്തിനെ സുരേന്ദ്രൻ അധിക്ഷേപിച്ചതോടെയാണ് ഇരുവരും തമ്മിൽ വാക്പോര് തുടങ്ങിയത്. ഇതിനുപിന്നാലെ ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രനെ ‘ഗണപതിവട്ടജി’ എന്ന് വിളിച്ച് പരിഹസിക്കുകയും മകന്റെ കള്ളനിയമനം, കൊടകര കുഴൽപ്പണം തുടങ്ങിയവ ചർച്ചയാക്കുകയും ചെയ്തു. തുടർന്ന് വിവാദം കത്തിപ്പടരുകയായിരുന്നു.ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ്, സന്ദീപ് വാര്യർ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, യുവമോർച്ച തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ വിഷ്ണുനാരായണൻ, സംഘ്പരിവാർ സഹയാത്രികനും കുരുക്ഷേത്ര ബുക്സ് മുൻ ജനറൽ മാനേജറുമായ ഷാബു പ്രസാദ് തുടങ്ങി നിരവധി പേരാണ് സുരേന്ദ്രനെ അനുകൂലിച്ച് വിഷയത്തിൽ പരസ്യമായി പ്രതികരിച്ചത്.
സംസ്ഥാന പ്രസിഡൻ്റിനെ അപമാനിക്കാൻ ശ്രമിച്ചാൽ ലക്ഷക്കണക്കിന് വരുന്ന ബി.ജെ.പി പ്രവർത്തകർക്ക് കണ്ടു നിൽക്കാനാവിെല്ലന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.വി. രാജേഷ് മുന്നറിയിപ്പ് നൽകിയിരുന്നു