ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം സിപിഎമ്മിലെ പിണറായി വിജയന്റെ പിടി അല്‍പ്പമൊന്ന് അയഞ്ഞുവെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന. ആദ്യം കണ്ണൂരിലെ ചെന്താരകമായ പി ജയരാജനാണ് വെടിപൊട്ടിച്ചത്. തോല്‍വിയെക്കുറിച്ച് ആത്മപരിശോധനവേണമെന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും അത് കാര്യമായ ശ്രദ്ധ കിട്ടാതെ ഒതുങ്ങി. പിന്നീട് രംഗത്തിറങ്ങിയ ജി സുധാകരന് ആകട്ടെ നരേന്ദ്രമോദിയെ പ്രശംസകൊണ്ടു മൂടുകയായിരുന്നു. അതോടൊപ്പം സിപിഎം ജനങ്ങളില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയപ്പ് നല്‍കാനും അദ്ദേഹം മടിച്ചില്ല.
എന്നാല്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന ഇഎംഎസ് അനുസ്മരണയോഗത്തില്‍ സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചയുണ്ടെന്ന് വെട്ടിത്തുറന്ന് പറഞ്ഞത്. ഭരണപരാജയമാണ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നിലെന്ന് ആരോപണത്തെ മുഖ്യമന്ത്രി നിയമസഭയിലടക്കം പുശ്ചിച്ച് തള്ളുമ്പോഴാണ് അതിനെ പരസ്യമായി തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്തുവരുന്നത്.
പെരിന്തല്‍മണ്ണയിലെ ഇഎംഎസ് അനുസ്മരണയോഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ‘നല്ലപോലെ തോറ്റു.തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ? ഇല്ല തോറ്റു. അപ്പോള്‍ ഇനി എന്താ നമ്മള് വേണ്ടത്. എന്തുകൊണ്ട് തോറ്റു എന്നത് നല്ലതുപോലെ കണ്ടുപിടിക്കണം. ഒരുപാട് അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ആളുകള്‍ ഫോണ്‍ വിളിച്ച് പറയുന്നുണ്ട്, കത്തെഴുതിയിട്ടുണ്ട്, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്, വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എല്ലാം സ്വീകരിക്കുന്നു. എല്ലാം സൂക്ഷ്മമായി പരിശോധിച്ച് എന്തൊക്കെ ഏതൊക്കെ രീതിയിലാണ് തോല്‍വിക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ കണ്ടെത്തി തിരുത്തും’
മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് കടകവിരുദ്ധമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. കേന്ദ്രത്തിലെ ഭരണമാറ്റത്തിനും മോദിയെ പരാജയപ്പെടുത്താനുംവേണ്ടിയാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഭരണരംഗത്തെ വീഴ്ചയാണ് എന്ന് സമ്മതിക്കാന്‍ മുഖ്യമന്ത്രി അവിടെയും തയ്യാറായില്ല. എന്നാല്‍ എംവി ഗോവിന്ദന് മുഖ്യമന്ത്രിയുടെ വാദത്തെ പാടെ നിരാകരിക്കുകയാണ്. 62 ലക്ഷം ആളുകള്‍ക്ക് കൊടുക്കേണ്ട ക്ഷേമ പെന്ഷന് കൊടുത്തു തീര്ക്കാനായിട്ടില്ലന്ന് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിലൂടെ ഇതാദ്യമായി സിപിഎം പൊതു സമൂഹത്തിന് മുന്നില്‍ സമ്മതിച്ചു. അതോടൊപ്പം സര്‍ക്കാര്‍ വിവിധമേഖലയില്‍ കൊടുത്ത് തീര്‍ക്കേണ്ട ആനുകൂല്യങ്ങളൊന്നും കൊടുത്തില്ലന്നും അദ്ദേഹം തുറന്ന് പറഞ്ഞു. അധ്യാപകര്‍ക്കുള്ള ഡി.എ. പൂര്‍ണമായും കൊടുത്തില്ല. പെന്‍ഷന്‍കാര്‍ക്കുള്ള പണം മുഴുവനും കൊടുത്തിട്ടില്ല. അംഗൻവാടി മേഖലയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്. ദുര്‍ബല ജനവിഭാഗം ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ലഭിക്കേണ്ടുന്ന, കൈത്തറിത്തൊഴിലാളി, കശുവണ്ടിത്തൊഴിലാളി, നെയ്ത്ത് തൊഴിലാളി, തുടങ്ങി വിവിധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് കൃത്യമായിട്ട് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ കൊടുത്തുതീര്ക്കാനായിട്ടല്ല. അവരൊക്കെ അസംതൃപ്തരുമാണ്. അതൊക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. തുറന്ന മനസ്സോടെ തുറന്ന കണ്ണോടെ ഇതൊക്കെ സിപിഎം ഇതൊക്കെ കാണുന്നുമുണ്ടെന്നാണ് എംവി ഗോവിന്ദന് പറഞ്ഞത്.
ഒരു മാസം മുമ്പായിരുന്നുവെങ്കില്‍ എംവി ഗോവിന്ദന്റെ നാവില്‍ നിന്നും ഇത്തരത്തിലുള്ള വാചകങ്ങള്‍ പുറത്തുവരില്ലായിരുന്നു. പിണറായി വിജയന് എന്താഗ്രഹിക്കുന്നുവോ അതുമാത്രമേ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം പറയുമായിരുന്നുള്ളു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം നേതൃത്വത്തിലെ പലരുടെയും നാവിന് ആരോഗ്യം ലഭിച്ചു തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിയോജകമണ്ഡലമായ ബേപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നേടിയതും പിണറായിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുഡിഎഫ് നല്ലൊരു സ്ഥാനാര്‍ത്ഥിയെ അടുത്ത തവണ നിര്‍ത്തിയാല്‍ ആ സീറ്റു കൈവിട്ട് പോകുമെന്ന ഭയം പിണറായിക്കും മുഹമ്മദ് റിയാസിനുമുണ്ട്.
പിണറായിവിജയന് ദുര്‍ബലനാകുന്നു എന്ന തോന്നില്‍ സിപിഎമ്മിലുണ്ടാക്കുന്ന അസന്തുലിതാവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ചില മന്ത്രവാദികളുടെ ശക്തി ക്ഷയിക്കുമ്പോള്‍ അവര്‍ ആവാഹിച്ചു തളച്ച ആത്മാക്കളെല്ലാം സ്വതന്ത്രരാകും എന്നുപറയും പോലെ പിണറായി തന്റെ അധികാരദണ്ഡിനാല് ആവാഹിച്ചു തളച്ചവരെല്ലാം അദ്ദേഹം ദുര്‍ബലനാകുമ്പോള്‍ സ്വതന്ത്രരാവുകയാണ്. ഇനി വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് കൂടിക്കഴിയുമ്പോള്‍ സിപിഎമ്മിലെ പിണറായി വിരുദ്ധരുടെ ശക്തി വര്‍ധിക്കും. പിണറായി വിരുദ്ധര്‍ മുഹമ്മദ് റിയാസ് വിരുദ്ധര്കൂടിയാണെന്നതാണ് പിണറായിയെ ആകുല ചിത്തനാക്കുന്നത്