2016 ല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായതു മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞാടിയിരുന്ന സിപിഎമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളെ അവസാനം പാര്‍ട്ടിക്ക് തന്നെ തളളിപ്പറയേണ്ടി വന്നു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ട്ടിയുടെ പേരു പറഞ്ഞു ശത്രുപക്ഷത്താക്കാന്‍ അസാമാന്യ വൈദഗ്ധ്യമാണ് സൈബര്‍ പോരാളികള്‍ എന്നറിയപ്പെടുന്ന വെട്ടുകിളിക്കൂട്ടങ്ങള്‍ പുലര്‍ത്തിയത്. അവസാനം നിവര്‍ത്തിയില്ലാതെ പാര്‍ട്ടിക്ക് അവരെ തള്ളിപ്പറയേണ്ടി വന്നു.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനെയാണ് ആ ദൗത്യം സിപിഎം ഏല്‍പ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും, വടകരയിലും സിപിഎമ്മിന്റെ തോല്‍വിയെ ആധികാരികമായി ഉറപ്പിച്ചതിന് പിന്നില്‍ പോരാളി ഷാജിമാരുടെ അശ്രാന്തപരിശ്രമമുണ്ടായിരുന്നുവെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്.
സിപിഎമ്മുമായി അടുത്തു നില്ക്കുന്ന അല്ലെങ്കില്‍ സിപിഎമ്മിനായി സൈബറിടങ്ങളില്‍ പോരാടുന്ന പ്രൊഫൈലുകളെ പരസ്യമായി തള്ളിപ്പറയുകയാണ് സിപിഎം. ഇടതു പ്രൊഫൈലുകള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഇവര്‍ പാര്‍ട്ടിയെക്കുറിച്ച് ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് സിപിഎം പറയുന്നത്. പോരാളി ഷാജി, ചെമ്പട, കൊണ്ടോട്ടി സഖാക്കള്‍, ചെങ്കോട്ട, ചെങ്കതിര് തുടങ്ങിയ പ്രൊഫൈലുകള്‍ക്ക് നേരെ നിശിതമായ വിമര്‍ശനമാണ് എം വി ജയരാജന് അഴിച്ചുവിട്ടത്. പറയുന്നത് എംവി ജയരാജനാണെങ്കിലും ശബ്ദം പിണറായിയുടെയും എംവി ഗോവിന്ദന്റെയും പിണറായിയുടെയുമാണെന്ന് വ്യക്തമാണ്.
സൈബര്‍ പോരാളികള്‍ എന്ന വിഭാഗത്തെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞായും അവര്‍ക്ക് ജനങ്ങളെ കാര്യമായൊന്നും സ്വാധീനിക്കാന്‍ കഴിയില്ലെന്നും സിപിഎം മനസിലാക്കിക്കഴിഞ്ഞു. മാത്രമല്ല അവരുടെ ഇടപടലുകള്‍ ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നും സിപിഎം മനസിലാക്കി. സിപിഎമ്മുമായി ബന്ധമുള്ളവരല്ല ഈ പ്രൊഫൈലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കേണ്ടത് പാര്‍ട്ടിയുടെ ഒരു അടിയന്തിരാവശ്യമായി മാറി. പാര്‍ട്ടിയുടെ പേരില്‍ ജനങ്ങളെ വെറുപ്പിക്കുന്നവരെ ഇനിയും തള്ളിപ്പറഞ്ഞില്ലങ്കില് വലിയ തിരിച്ചടിയുണ്ടാകുമെന്നും സിപിഎം മനസിലാക്കി. അതോടൊപ്പം സിപിഎമ്മിന്റെ ഔദ്യോഗിക സൈബര്‍ പോരാളികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടിക്ക് ഉണ്ടാക്കിയ വലിയ അവമതിപ്പും സിപിഎം മനസിലാക്കിയിട്ടുണ്ട്.
വടകരയിലും കോഴിക്കോട്ടും കണ്ണൂരിലുമെല്ലം സൈബര്‍ പോരാളികളെ നയിച്ചത് മുന്‍ എംഎല്‍എ കെകെ ലതികയുടെയും, കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്മാഷിന്റെയും മകനായ നികതാ ജൂലിയസാണ്. അവരുടെ സൈബര്‍ പോരാട്ടങ്ങളെല്ലാം പാളം തെറ്റുന്ന കാഴ്ചയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇവരുടെ നടപടിക്കെതിരെ സിപിഎമ്മില്‍ കനത്ത രോഷം പതഞ്ഞു പൊങ്ങുന്നുണ്ട്. ഷാഫി പറമ്പിലിനെ പ്രതിരോധത്തിലാക്കാന്‍ വേണ്ടി ഇറക്കിയ കാഫിര്‍ സ്ക്രീന്‍ഷോട്ട് അടക്കമുള്ളവയെല്ലാം തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തിരിഞ്ഞുകുത്തിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ കയ്യില്‍ നിന്നുവിട്ടുപോവുകയും കമ്യുണിസ്റ്റു ഇടതു പശ്ചാത്തലമില്ലാത്ത ചിലരുടെ കയ്യില്‍ സൈബര്‍ സേന അകപ്പെടുകയും ചെയ്തുവെന്നാണ് സിപിഎം വിലയിരുത്തുന്നത്.’ഞങ്ങള്‍ ആശയപ്രചാരണമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാര്‍ത്തകള്‍ എല്ലാ സീമകളും ലംഘിച്ചു പ്രചരിച്ചു. പോരാളി ഷാജി എന്ന പേരില്‍ നിരവധി പ്രൊഫൈലുകള്‍ ഉണ്ട്. ഇടത് അനുകൂലമെങ്കില്‍ പോരാളി ഷാജി അത് വ്യക്തമാക്കണം. യഥാര്‍ത്ഥ പോരാളി ഷാജി രംഗത്ത് വരണം. ഈ വ്യാജ പ്രൊഫൈലുകള്‍ പൊലീസിന് കണ്ടെത്താന്‍ സാധിക്കാത്ത വിധമാണ്. ഇത് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നത് എന്റെ ഉത്തരവാദിത്തമാണ്’- ഇതാണ് എംവി ജയരാജന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത്.
എംവി ജയരാജന് വിമര്‍ശിച്ചത് പോരാളി ഷാജിമാരെയാണെങ്കിലും ആ അമ്പുകള്‍ ചെന്ന് തറക്കുന്നത് സിപിഎമ്മിന്റെ ഔദ്യോഗിക സൈബര്‍ സേനക്ക് നേരെയാണ്. എം സ്വരാജിനെപ്പോലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രമുഖ അംഗങ്ങളാണ് സിപിഎമ്മിന്റെ ഔദ്യോഗിക സൈബര്‍ സേനയെ നയിക്കുന്നത്.അതുകൊണ്ട് അവര്‍ക്കെതിരെ പരസ്യമായി പറയാന്‍ നിര്‍വ്വാഹമില്ല. അപ്പോള്‍ മുഖമില്ലാത്ത പോരാളി ഷാജിമാര്ക്കെതിരെ തിരിയുകയല്ലാതെ മറ്റുമാര്‍ഗമില്ലന്നു വന്നു. ആരാണ് യഥാര്‍ത്ഥ ഇടതു സിപിഎം പ്രൊഫൈലെന്ന് സിപിഎം നേതാക്കള്‍ക്കും സൈബര്‍ വിംഗിന്റെ ചുമതല വഹിക്കുന്നവര്‍ക്കും മനസിലാക്കാന്‍ കഴിയാതെ വന്നു എന്നതാണ് യാഥാർഥ്യം . സിപിഎം രാജ്യസഭാംഗം എഎ റഹിമിനെതിരെ പോരാളി ഷാജിയിട്ട ഫേസ് ബുക്ക് പോസ്റ്റ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ജയരാജന്റെ വിമര്‍ശനം. വടകരയില്‍ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം നേടിക്കൊടുത്തത് ഈ എരണം കെട്ടവനാണ് എന്ന എഎ റഹിമിനെതിരെയുള്ള പോരാളി ഷാജിയുടെ പോസ്റ്റര്‍ തന്റെ പത്ര സമ്മേളനത്തിനിടയില്‍ എം വിജയരാജന്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
എംവിജയരാജനെതിരെ പോരാളി ഷാജിയും അതിശക്തമായി പ്രതികരിച്ചു. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടത്. ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ്. കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചര്‍ച്ച ചെയ്യുമ്പോള്‍ ഭരണ തുടര്‍ച്ചയുടെ തമ്പ്രാൻ വിളികൾക്കിടയിൽ നിന്ന് ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സര്… ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്തഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ല പണിയുമെടുത്ത് ജീവിക്ക്…’ എന്നായിരുന്നു ജയരാജനെതിരെ പോരാളി ഷാജിയുടെ മറുപടി. ഇതോടെ ഒരു കാര്യം വ്യക്തമായി. ഇനി പോരാട്ടം സിപിഎം നേതൃത്വവും പാര്‍ട്ടിയുടെ സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളും തമ്മിലായിരിക്കും. ആരായിരിക്കും ജയിക്കുകയെന്ന് കാത്തിരുന്നു കാണം