കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ വിറപ്പിച്ച ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്കിയ രാഹുല്‍ ഗാന്ധിക്ക് ഗംഭീര വരവേൽപ് ഒരുക്കി യുഡിഎഫ് പ്രവർത്തകർ. മലപ്പുറത്ത് ഇന്ന് രാവിലെ എത്തിയ രാഹുലിനെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. പ്രിയങ്ക ഗാന്ധി എത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അവർ വന്നില്ല.
വയനാട്ടിലും റായ്ബറേലിയിലും വന്‍ വിജയം നേടി ഇന്ത്യാ മുന്നണിക്ക് കരുത്തേകിയ പ്രിയനേതാവിനെ കാണാന്‍ അതിരാവിലെ തന്നെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു.നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. തുടർന്ന് പൊതുപരിപാടിയുടെ വേദിയിലേക്കെത്തിയ രാഹുലിനെ കോൺഗ്രസ്, മുസ്ലിം ലീഗ്, കെഎസ്യു പതാകകൾ വീശിയാണ് പ്രവർത്തർ സ്വീകരിച്ചത്.ഉച്ചകഴിഞ്ഞ് കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ആയിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് യുഡിഎഫ് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
റായ്ബറേലിയിലും വലിയ വിജയം നേടിയ രാഹുല്‍ വയനാട് മണ്ഡലം ഒഴിയും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ത്യാ മുന്നണിക്ക് കരുത്തേകാന്‍ രാഹുല്‍ ഉത്തരേന്ത്യയില്‍ ഉണ്ടാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ വയനാട് മണ്ഡലം ഒഴിയുന്നത്.