തിരുവനന്തപുരം: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്സിജന്‍ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകടകാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഡിസോള്‍വ്ഡ് ഓക്സിജന്റെ അളവ് മത്സ്യങ്ങള്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായിരുന്നതായി കണ്ടെത്തി.മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പാതാളം റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ റെഗുലേറ്ററിന് മുകള്‍ വശത്തുനിന്ന് ഓക്സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവില്‍ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി പ്രത്യേക സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സമിതി രൂപീകരിച്ചത്.