പാരിസ്: റൊളാങ് ഗാരോസ് കളിമൺകോർട്ടിൽ പുതുയുഗപ്പിറവി. അഞ്ചുസെറ്റ് നീണ്ട ത്രില്ലർ പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ മറിച്ചിട്ട് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടത്തിൽ മുത്തമിട്ടു. സ്കോർ 3-6, 6-2, 7-5, 1-6, 6-4. 21 കാരനായ സ്പാനിഷ് താരം ഫ്രഞ്ച് ഓപ്പണിൽ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.
ആദ്യ സെറ്റ് കൈവിട്ട ശേഷം സ്വരേവ് തുടർച്ചയായ രണ്ടുസെറ്റുകൾ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ നാലാം സെറ്റിൽ 6-1നും നിർണായകമായ അഞ്ചാം സെറ്റിൽ 6-2നും അൽകാരസ് സ്വരേവിനെ നിഷ്പ്രഭമാക്കുകയായിരുന്നു. സെമിയിൽ ഇറ്റലിയുടെ സിന്നറിനെ നാല് മണിക്കൂറും ഒമ്പത് മിനുറ്റും നീണ്ട കടുത്ത പോരിനൊടുവിലാണ് അൽകാരസ് മറികടന്നിരുന്നത്. ഇതോടെ കളിമൺകോർട്ടിലും പുൽ കോർട്ടിലും ഹാർഡ് കോർട്ടിലും വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അൽകാരസ് മാറി. ‘‘കാർലോസിന് അഭിനന്ദനങ്ങൾ. 21 വയസ്സിനുള്ളിൽ മൂന്ന്ഗ്രാൻഡ് സ്ലാം കിരീടങ്ങൾ. നിങ്ങൾ ഇതിനോടകം തന്നെ മികച്ചവനായിരിക്കുന്നു. എനിക്കിവിടെ കളിക്കുന്നത് ഇഷ്ടമാണ്. അടുത്ത വർഷം തിരിച്ചുവരും’’ – സ്വരേവ് മത്സരത്തിന് പിന്നാലെ പ്രതികരിച്ചു.