ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് യാക്കോബായ സഭയുടെ മുന്‍ മെത്രാനും അറിയപ്പെടുന്ന ഇടതുസഹയാത്രികനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ വിമര്‍ശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ കടുത്ത ഭാഷയിലുള്ള അധിക്ഷേപം സിപിഎം നേതൃത്വത്തില്‍ പോലും അത്ഭുതമുണ്ടാക്കി. ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും അടുത്ത സഹയാത്രികനായി വിശേഷിപ്പിക്കപ്പെടുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കഴിഞ്ഞകാലങ്ങളില്‍ സിപിഎം- ഇടതു കേന്ദ്രങ്ങള്‍ക്ക് പ്രിയപ്പെട്ടവനുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഇട്ട ഫേസ് ബുക്ക് പോസ്റ്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിട്ട കനത്ത തോല്‍വിയെ വിശകലനം ചെയ്തുകൊണ്ടായിരുന്നു.
‘ജനങ്ങള്‍ നല്കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പൊലിസ് നയങ്ങള്‍, മാധ്യമവേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്ഷന് മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, SFIയുടെ അക്രമാസക്തരാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതുവല്‍ക്കരണ നയങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണ്. ബിജെപിയെക്കാള്‍ ഉപരി കോണ്‍ഗ്രസിനെയും ഫാഷിസത്തിനെതിരെ ധീരമായി പോരാടിയ രാഹുല്‍ ഗാന്ധിയെയും ‘ടാര്‍ഗറ്റ് ‘ ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതരവിശ്വാസികളില്‍ സംശയമുണ്ടാക്കി….’
ഇതോടെയാണ് പിണറായിയുടെ കണ്ട്രോള് പോയത്. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം കേരളീയ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് സര്‍ക്കാരിന്റെ മൂന്നാം വര്‍ഷ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനവേളയില്‍ അദ്ദേഹം ബിഷപ്പിനെതിരെ ആഞ്ഞടിച്ചത്. കിറ്റ് രാഷ്ട്രീയത്തില്‍ ജനങ്ങള്‍ ഒന്നിലധികം തവണ വീഴില്ലെന്ന് കൂടി ബിഷപ്പ് പറഞ്ഞതോടെ മുഖ്യമന്ത്രിക്ക് കിളി പോയ മട്ടായി. പുരോഹിതന്മാര്ക്കിടയിലും വിവരദോഷികളുണ്ടെന്നായിരുന്നു ബിഷപ്പിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
എന്നാൽ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ അഥവാ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ ഇടതുമുന്നണിയെ അതിശക്തമായി വിമര്‍ശിക്കുന്നതായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഒരക്ഷം മിണ്ടാതിരുന്ന മുഖ്യമന്ത്രി മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആഞ്ഞടിച്ചത് പലര്‍ക്കും അത്ഭുതകരമായി തോന്നിയിരുന്നു. മാര്‍ കൂറിലോസ് ഉൾപ്പെടുന്ന യാക്കോബായ അദ്ദേഹത്തെ തള്ളിപ്പറയുകയും ചെയ്തു. അത്തരം പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും അതിന് സഭയുമായി ബന്ധമില്ലെന്നുമാണ് സഭാ നേതൃത്വം പറഞ്ഞത്.എന്നാല്‍ കത്തോലിക്കാ ഇതര സഭകളുടെ കൂട്ടായ്മയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ കടുത്ത നിലപാടുമായി രംഗത്ത് വന്നു. ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതുള്‍ക്കൊണ്ട് തിരുത്തുന്നതിനു പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണ്. പണ്ട് നികൃഷ്ടജീവി എന്ന് ഒരു മെത്രാനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷിയെന്ന് മറ്റൊരു പുരോഹിതനെ പരിഹസിക്കുമ്പോൾ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്ന് മനസ്സിലാക്കാമെന്നുമാണ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രതികരിച്ചത്.
സുപ്രഭാതത്തിന്റെ എഡിറ്റോറിയലിനെതിരെ മുഖ്യമന്ത്രി മൗനം പാലിച്ചാണ് പലരെയും രോഷം കൊള്ളിച്ചത്. ഇതു മുഖ്യമന്ത്രിയുടെ തന്ത്രമാണെന്ന് വ്യാഖ്യാനിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. ക്രിസ്ത്യന്‍ സഭകളും വിശ്വാസികളും കൂടുതല്‍ ബിജെപി പക്ഷത്തേക്ക് അടുക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്നാണ് ഇപ്പോഴും സിപിഎം വിലയിരുത്തുന്നത്. മാത്രമല്ല ക്രൈസ്തവരുടെ വോട്ട് ഇനി ഇടതുപക്ഷത്തിന് കാര്യമായി ലഭിക്കില്ലന്നും ബോധ്യമായി. എന്നാല്‍ മുസ്ളീം വോട്ടിലുള്ള പ്രതീക്ഷ സിപിഎം ഇപ്പോഴും കൈവിട്ടിട്ടില്ല. അതുകൊണ്ടാണ് സുപ്രഭാതത്തിന്റെ വിമര്‍ശനത്തെക്കുറിച്ച് നിശബ്ദത പാലിച്ച മുഖ്യമന്ത്രി ബിഷപ്പിനെതിരെ ആഞ്ഞടിച്ചത്. വീഴ്ചകളില്‍ നിന്നും പഠിക്കേണ്ട കാര്യമില്ലെന്നാരെങ്കിലും ചിന്തിച്ചുറപ്പിച്ചാല്‍ പിന്നെ അവരെ ദൈവത്തിന് പോലും രക്ഷപെടുത്താനാവില്ലല്ലോ